ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് കിബുവിന്റെ ഓണ്‍ലൈന്‍ ക്ലാസ്, സദാ നിരിക്ഷിച്ച് കുറുക്കന്‍ കണ്ണുകള്‍

കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കായി ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ ആരംഭിച്ച് പുതിയ പരിശീലകന്‍ കിബു വികൂന. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് താരങ്ങള്‍ക്കായി ആഴ്ച്ചയില്‍ ഒന്ന് വീതമുളള ഓണ്‍ലൈന്‍ പരിശീലകന കളരി കിബുവും പരിശീലക സംഘവും തുടങ്ങിയത്. ഒരുമിച്ച് പരിശീലനം തുടങ്ങുന്നത് വരെ ഇത്തരത്തിലായിരിക്കും ഇനിമുതലുളള ബ്ലാസ്റ്റേഴ്‌സ് മീറ്റിംഗുകള്‍.

സൂം ആപ്പ് വഴിയാണ് താരങ്ങളും പരിശീലകരും പങ്കെടുക്കുന്ന ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നത്. മീറ്റിംഗില്‍ ഉടനീളം കിബു വികൂന അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ശൈലിയും തന്ത്രങ്ങളുമെങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. കൂടാതെ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നും കിബുവും കൂട്ടരും ചര്‍ച്ച നടത്തും.

എല്ലാ വ്യാഴായിച്ചയുമാണ് ഇത്തരത്തിലുളള മീറ്റിംഗുകള്‍ ബ്ലാസ്‌റ്റേഴ്‌സ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ലിത്വാനിയന്‍ ഫിറ്റ്‌നസ് പരിശീലകന്‍ പൗളിസ് റെകോസ്‌ക്കസും ഈ മീറ്റിംഗിന്റെ ഭാഗമാകാറുണ്ട്. കളിക്കാര്‍ക്ക് ഫിറ്റ്‌നസ് നിലനിര്‍ത്താനുളള നിര്‍ദേശങ്ങള്‍ ഇദ്ദേഹമാണ് നല്‍കുന്നത്. ഒരോ കളിക്കാരനെയും പ്രത്യേകം പ്രത്യേകം പരിഗണിച്ചാണ് ഇതിനുളള നിര്‍ദേശങ്ങള്‍ നല്‍കുക.

കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ഐഎസ്എല്ലില്‍ പ്ലേഓഫില്‍ പ്രവേശിക്കാനായിട്ടില്ല. അതിനാല്‍ തന്നെ പഴുതുകളില്ലാത്ത ഒരുക്കങ്ങളാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

You Might Also Like