യുവന്റസ് വിടാൻ ക്രിസ്ത്യാനോയെ പ്രേരിപ്പിച്ചേക്കാവുന്ന ഒരേയൊരു കാരണം വ്യക്തമാക്കി ഇറ്റാലിയൻ മാധ്യമങ്ങൾ

സാമ്പത്തിക പ്രതിസന്ധി മൂലം ക്രിസ്ത്യാനോ റൊണാൾഡോയെ യുവന്റസ് ഒഴിവാക്കുകയാണെന്നു അടുത്തിടെ അഭ്യൂഹങ്ങൾ പരന്നിരുന്നു. ക്രിസ്ത്യാനോയെ പിഎസ്ജിയിലെത്തിക്കാനാവുമോയെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് പിഎസ്‌ജി സ്പോർട്ടിങ് ഡയറക്ടറായ ലിയോനാർഡോ അറോഹോ ട്വിറ്ററിൽ മറുപടി നൽകിയിരുന്നു. ക്രിസ്ത്യാനോയെ നിലവിൽ സ്വന്തമാക്കാൻ കഴിയുന്ന അഞ്ചു ക്ലബ്ബുകളിലൊന്നാണ് പിയെസ്ജിയെന്നാണ് ലിയോനാർഡോയുടെ പക്ഷം.

“റൊണാൾഡോയുടെ കാര്യമാണെങ്കിൽ അദ്ദേഹമൊരു ദിവസം രാവിലെ എണീറ്റു എനിക്ക് പുതിയ ക്ലബ്ബിലേക്ക് ചേരണമെന്ന് പറയുകയാണെങ്കിൽ വേറെവിടേക്ക് പോകാനാണ്? അദ്ദേഹത്തിനു പോവാൻ പറ്റിയ അഞ്ചോ ആറോ ക്ലബ്ബുകളെ നിലവിലുള്ളു. അതിൽ ഒന്ന് പിഎസ്‌ജിയാണ്. ഞങ്ങൾ വിപണിയിൽ എന്തിനും തയ്യാറാണ്. അസാധാരണമായി എന്തും സംഭവിക്കാം. നിർഭാഗ്യവശാൽ കഴിഞ്ഞ ജാലകത്തിൽ ഒന്നും സംഭവിച്ചില്ല.” ലിയോനാർഡോ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ റൊണാൾഡോ യുവന്റസ് വിടില്ലെന്ന റിപ്പോർട്ടുകളുമായി ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്‌പോർട് രംഗത്തെത്തിയിരിക്കുകയാണ്. യുവന്റസിനോ താരത്തിനോ ഈ സീസണു ശേഷം പിരിയാൻ താത്പര്യമില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. പകരം യുവന്റസിനൊപ്പം ചാമ്പ്യൻസ്‌ലീഗ് നേടാനാണ് താരത്തിനു താത്പര്യമെന്നാണ് വിവരം.

മറ്റൊരു ഇറ്റാലിയൻ മാധ്യമമായ ലാ ഗസെറ്റ ഡെല്ലോ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയുടെ ഭാവി ഇരിക്കുന്നത് ഈ സീസണിലെ ടീമിന്റെ നേട്ടങ്ങളെ അനുസരിച്ചാണെന്നാണ്. നേട്ടങ്ങളൊന്നും നേടാനായില്ലെങ്കിൽ അടുത്ത ക്ലബ്ബ് പിഎസ്‌ജി തന്നെയായിരിക്കുമെന്നാണ് ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ

You Might Also Like