മുംബൈയോട് യാത്രപറഞ്ഞ് ഓഗ്‌ബെചെ, ഇനി പുതിയ തട്ടകം

ഐഎസ്എല്‍ ടീമായ മുംബൈ സിറ്റിയോട് യാത്ര പറഞ്ഞത് നൈജീരിയന്‍ താരം ബാര്‍ത്തലോമ്യു ഓഗ്ബെചെ. മറ്റൊു ഐഎസ്എല്‍ ക്ലബായ ഹൈദരാബാദ് എഫ്‌സിയിലേക്കാണ് ഓഗ്‌ബെചെ കൂടുമാറുന്നത്. താന്‍ മുംബൈ സിറ്റി വിടുകയാണെന്ന് ഓഗ്‌ബെചെ അറിയിച്ചു.

മുംബൈ സിറ്റിയില്‍ ഒരു വര്‍ഷം തന്നെ സംബന്ധിച്ചെടുത്തോളം മികച്ചതായിരുന്നു എന്നും ആരാധകര്‍ക്കും ടീമിനും നന്ദി പറയുന്നു എന്നും താരം പറഞ്ഞു. എന്നാല്‍ ഇനി എവിടെ പോകും എന്ന് ഓഗ്‌ബെചെ വെളിപ്പെടുത്താന്‍ തയ്യാറായില്ല.

കഴിഞ്ഞ സീസണില്‍ മുംബൈ സിറ്റിക്ക് ഒപ്പം എട്ടു ഗോളുകളും മൂന്ന് അസിസ്റ്റും താരം നേടിയിരുന്നു. മുംബൈ ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയതില്‍ പ്രധാന പങ്കുവഹിച്ചതും ഓഗ്‌ബെചെ ആയിരുന്നു. ഹൈദരബാദില്‍ എത്തിയാല്‍ ഒഗ്‌ബെചെയുടെ നാലാം ഇന്ത്യന്‍ ക്ലബായിരിക്കും ഇത്.

2018ല്‍ നോര്‍ത്ത് ഈസ്റ്റിലൂടെയാണ് ഓഗ്ബെചെ ആദ്യമായി ഐഎസ്എല്‍ കളിക്കുന്നത്. ആ സീസണില്‍ നോര്‍ത്ത് ഈസ്റ്റിനെ പ്ലേഓഫില്‍ കയറ്റുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഓഗ്ബെചെ നടത്തിയത്.

തൊട്ടടുത്ത വര്‍ഷം കോച്ച് എല്‍ക്കോ ഷട്ടോരിയ്ക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിലേക്ക് നൈജീരിയന്‍ താരം ചേക്കേറുകയായിരുന്നു. ആ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ഓഗ്ബെചെ 15 ഗോളുകളാണ് അടിച്ച് കൂട്ടിയത്. എന്നാല്‍ ആ സീസണിന് ശേഷം ഓഗ്ബെചെ മുംബൈ സിറ്റിയിലേക്ക് ചേക്കേറുകയായിരുന്നു.

ഐ എസ് എല്ലില്‍ ഇതുവരെ 35 ഗോളുകള്‍ താരം നേടിയിട്ടുണ്ട്. നൈജീരിയക്കാരനായ ഒഗ്‌ബെചെ പി എസ് ജിയുടെ യൂത്ത് ടീമിലൂടെ വളര്‍ന്നു വന്ന താരമാണ്. പി എസ് ജിക്കു വേണ്ടി സീനിയര്‍ ടീമില്‍ അറുപതിലധികം മത്സരങ്ങളും ഒഗ്‌ബെചെ കളിച്ചിട്ടുണ്ട്.

You Might Also Like