ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ശ്രമിക്കുന്നതിന് പിന്നിലെ രണ്ട് കാരണങ്ങള്‍

ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ സ്റ്റാര്‍ ബെര്‍ത്തലോമിവ് ഓഗ്ബെചെ ഐഎസ്എല്ലില്‍ മറ്റ് സാധ്യതകള്‍ തേടുന്നു എന്ന വാര്‍ത്ത ആരാധകരെ അല്‍പമൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. സന്ദേഷ് ജിങ്കന്‍ ബ്ലാസറ്റേഴ്‌സ് വിട്ടതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം ആശ്വാസം കൊണ്ടത് ടീമിലെ ഓഗ്‌ബെചെയുടെ സാന്നിധ്യമായിരുന്നു. ഒറ്റസീസണ്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുളളുവെങ്കിലും 15 ഗോളുകള്‍ അടിച്ച താരം തകര്‍പ്പന്‍ പ്രകടനമാണ് മഞ്ഞപ്പടയ്ക്കായി കാഴ്ച്ചവെച്ചത്.

ഓഗ്‌ബെചെയുടെ പ്രിയപ്പെട്ട പരിശീലകന്‍ എല്‍ഗോ ഷറ്റോരിയിലെ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കിയതോടെയാണ് ക്ലബുമായി ഈ നൈജീരിയന്‍ താരം അകലാന്‍ തുടങ്ങിയത്. നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ഓഗ്‌ബെചെയെ ബ്ലാസ്‌റ്റേഴ്‌സിലെത്തിച്ചത് ഷറ്റോരിയായിരുന്നു. ഷറ്റോരിയില്ലാത്ത ബ്ലാസ്‌റ്റേഴ്‌സില്‍ തുടരണമോയെന്ന കാര്യം ഓഗ്‌ബെചെ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. പുതിയ പരിശീലകന്‍ കിബു വികൂന എത്രത്തോളം ഓഗ്‌ബെചെയെ പരിഗണിക്കും എന്നതും താരത്തിന് വലിയ ആശങ്ക സൃഷ്ടിയ്ക്കുന്നു.

മാത്രമല്ല ബ്ലാസ്‌റ്റേഴ്‌സിന്റെ സാമ്പത്തിക സ്ഥിതിയിലും ഈ മുന്‍ പിഎസ്ജി താരം ഒട്ടും സന്തോഷവാനല്ല. ഓഗ്‌ബെചെ അടക്കമുളള താരങ്ങളോട് ശമ്പളം വെ്ട്ടിക്കുറക്കാനാണ് മാനേജുമെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും മറ്റ് ഐഎസ്എല്‍ ക്ലബുകള്‍ തേടാന്‍ താരത്തെ പ്രേരിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം പ്രമുഖ സ്പോട്സ് ജേര്‍ണലിസ്റ്റായ മാര്‍ക്കസ് മെര്‍ഗുലാവോയാണ് ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സ് വിടാനുളള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്ത് വിട്ടത്. ഓഗ്‌ബെച്ച ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരിയാണോ എന്ന ചോദ്യത്തിന് ട്വിറ്ററിലൂടെ മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഓഗ്ബെചെ ബ്ലാസ്റ്റേഴ്സ് വിടുമോ എന്ന കാര്യം എനിക്കറിയില്ല. എന്നാല്‍ മറ്റ് ക്ലബുകളുമായി ഓഗ്ബെചെയുടെ ക്യാമ്പ് സംസാരിക്കുന്നതായി എനിയ്ക്കറിയാം’ മാര്‍ക്കസ് ട്വിറ്റരില്‍ കറിച്ചു.

ഐഎസ്എല്‍ ആറാം സീസണില്‍ ബ്ലാസ്റ്റേഴ്‌സ് 29 ഗോളുകള്‍ നേടിയപ്പോള്‍ പകുതിയിലധികം (15) ഗോളുകളും നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു.

You Might Also Like