മുംബൈ സിറ്റി മാത്രമല്ല, ഓഗ്‌ബെചെയെ റാഞ്ചാന്‍ മറ്റൊരു സൂപ്പര്‍ ക്ലബ് കൂടി

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ഉറപ്പായ നൈജീരിയന്‍ സൂപ്പര്‍ താരം ബെര്‍ത്തലോമവ ഓഗ്‌ബെചെയെ സ്വന്തമാക്കാന്‍ മുംബൈ സിറ്റിയ്ക്ക് പുറമെ മറ്റൊരു ഐഎസ്എല്‍ കരുത്തന്മാരും. ഐഎസ്എല്‍ മുന്‍ ചാമ്പ്യന്‍മാരില്‍ ഒന്നായ ബംഗളൂരു എഫ്‌സിയാണ് ഓഗ്‌ബെചെയെ സ്വന്തം നിരയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ബംഗ്ലളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു പ്രധാന മാധ്യമ പ്രവര്‍ത്തകനാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഇതോടെ ഓഗ്‌ബെചെ ഏത് ടീമിലേക്ക് പോകുമെന്ന് കാത്തിരുന്ന് കാണണം. കഴിഞ്ഞ ദിവസമാണ് മുംബൈ സിറ്റി എഫ്‌സി ഓഗ്‌ബെചെയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് ബംഗളൂരുവും നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നത്.

മുംബൈ സിറ്റിയുടെ പുതിയ കോച്ച് സെര്‍ജിയോ ലൊബേരയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മുന്‍ പിഎസ്ജി സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ക്ലബ് ഒരുങ്ങുന്നത്രെ. കഴിഞ്ഞ സീസണില്‍ ലൊബേര പരിശീലിപ്പിച്ച എഫ്സി ഗോവയ്ക്കെതിരെ ഓഗ്ബെചെ നടത്തിയ പ്രകടനത്തില്‍ ആകൃഷ്ടനായാണ് ലൊബേര ഓഗ്ബെചെയെ ടീമിലെത്തിക്കാന്‍ ക്ലബ് മാനേജുമെന്റിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഓഗ്ബെചെ. ടീം നേടിയ 29 ഗോളുകളില്‍ 15ഉം നേടിയത് ഈ നൈജീരിയന്‍ താരമായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായും ഓഗ്ബെചെ മാറിയിരുന്നു.

2018-19 സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ കളിച്ചാണ് ഓഗ്ബെചെ ഇന്ത്യയില്‍ ആദ്യമായി പന്ത് തട്ടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ശേഷമാണ് കോച്ച് എല്‍ക്കോ ഷറ്റോരിയ്ക്കൊപ്പം താരം കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂറുമാറിയത്. എല്‍ക്കോയെ ഒരു സീസണ് ശേഷം ബ്ലാസ്റ്റേഴ്സ് പുറത്താക്കിയതോടെയാണ് ടീമിന്റെ നായകനായ ഓഗ്ബെചെയും ക്ലബും തമ്മില്‍ ആസ്വാരസ്യങ്ങള്‍ ഉടലെടുക്കാന്‍ കാരണം. ഇതിനിടെ പ്രതിഫലം വെട്ടികുറക്കാന്‍ ക്ലബ് ആവശ്യപ്പെട്ടതും ഓഗ്ബെചെയെ ചൊടിപ്പിച്ചിരുന്നു.