മാര്‍സെലീന്യോ ഐഎസ്എല്ലില്‍ തുടരും, പുതിയ കരാര്‍ ഒപ്പിട്ടു

Image 3
FootballISL

ഐഎസ്എല്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ബ്രസീലിയന്‍ താരം മാര്‍സെലീന്യോയെ സ്വന്തമാക്കി ഒഡീഷ എഫ്‌സി. ഇതോടെ തുടര്‍ച്ചയായി നാലാം വര്‍ഷവും ബ്രസീല്‍ സൂപ്പര്‍ താരം ഇന്ത്യയില്‍ പന്ത് തട്ടുമെന്ന് ഉറപ്പായി.

ഐഎസ്എല്ലില്‍ 48 മത്സരങ്ങള്‍ ഇതുവരെ കളിച്ചിട്ടുളള മാര്‍സെലീന്യോ 21 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് എഫ്‌സിയ്ക്കായി കളിച്ച താരം പൂണെ സിറ്റി എഫ്‌സി, ഡല്‍ഹി ഡൈനാമോസ് തുടങ്ങിയ ഐഎസ്എല്‍ ടീമുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സും മാര്‍സെലീന്യോയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാന്‍ പ്രതിഫലം വരെ വെട്ടികുറയ്ക്കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാര്‍സെലീന്യോയെ സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഇതോടെയാണ് താരം ഐഎസ്എല്ലില്‍ താരമേന്യേ പുതുമുഖ ടീമുകളില്‍ ഒന്നായ ഒഡീഷയിലേക്ക് ചേക്കേറിയത്.

മാര്‍സെലീന്യോയുടെ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഒഡീഷ എഫ്‌സി ഇതുസംബന്ധിച്ചുളള സൂചന കഴിഞ്ഞ ദിവസം തന്നെ പുറത്ത് വിട്ടിരുന്നു. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ കോടികള്‍ വിലയുളള താരത്തെ എത്ര തുക മുടക്കിയാണ് ഒഡീഷ ടീമിലെത്തിച്ചതെന്ന് വ്യക്തമല്ല.