റയലിന്റെ നഷ്ടം ആഴ്‌സനലിന്റെ നേട്ടം; മധ്യനിരയില്‍ ഗണ്ണേഴ്‌സിന്റെ വിജയസമവാക്യം ഈ യുവതാരം

ലണ്ടന്‍: ട്രാന്‍സ്ഫര്‍ വിപണിയില്‍ വലിയതുകമുടക്കി പ്രീമിയര്‍ലീഗ് ക്ലബുകള്‍ സൂപ്പര്‍താരങ്ങളെ കൂടാരത്തിലെത്തിക്കുമ്പോള്‍ താരതമ്യേനെ ചെറിയതുകയില്‍ മികച്ച യുവതാരങ്ങളെ എത്തിച്ചാണ് ആഴ്‌സനല്‍ വ്യത്യസ്തമായത്. വമ്പന്‍മാരെയെല്ലാം അട്ടിമറിച്ച് പ്രീമിയര്‍ലീഗില്‍ നിലവില്‍ ഒന്നാംസ്ഥാനത്ത് വിജയകുതിപ്പ് തുടരുന്ന ഗണ്ണേഴ്‌സ് ഒറ്റസീസണ്‍കൊണ്ട് കളിശൈലിമാറ്റിയത് പുതിയതാരങ്ങളുടെ വരവോടെയാണ്.


നോര്‍വീജിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍ട്ടിന്‍ ഒഡെഗാഡിനെ ക്യാപ്റ്റനാക്കിയുള്ള മൈക്കല്‍ അര്‍ട്ടെറ്റയുടെ തീരുമാനം തുടക്കത്തില്‍ വലിയവിമര്‍ശനത്തിനാണ് കാരണമായത്. എന്നാല്‍ സീസണ്‍ പകുതിയെത്തുമ്പോള്‍ 24കാരന്‍ ആഴ്‌സനലിനെ മുന്നോട്ട് നയിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഓരോ മത്സരം കഴിയുന്തോറും മധ്യനിരയില്‍ ഗ്രാനെറ്റ് ഷാക്കയ്ക്കും ബുക്കായോ സാക്കെയ്ക്കുമൊപ്പം മികച്ച നീക്കങ്ങളുമായി ക്ലബിന്റെ പ്രധാനതാരമായി മാറുന്നു. റയല്‍മാഡ്രിഡില്‍ നിന്നാണ് താരം ആഴ്‌സനലിലെത്തിയത്.


18 മാസം മുമ്പ് മിഡ്ഫീല്‍ഡില്‍ മികച്ച താരങ്ങളുടെ അതിപ്രസരമാണ് സ്പാനിഷ്‌ക്ലബ് ഒഡെഗാര്‍ഡിനെ വിട്ടയക്കാനുള്ള കാരണം. പിന്നീടങ്ങോട്ട് റയലിന്റെ കിതപ്പും ആഴ്‌സനലിന്റെ കുതിപ്പുമാണ് കളത്തില്‍ കണ്ടത്. ബാഴ്‌സലോണയോട് പരാജയപ്പെട്ട് സൂപ്പര്‍ കപ്പ് നഷ്ടപ്പെടുത്തിയതിന് പുറമെ റയല്‍ സെവിയ്യയോട് തോറ്റ് ലാലീഗയില്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്ക് വീഴുകയും ചെയ്തു. ഒഡെഗാഡിനെ വിട്ടത് ഞങ്ങളുടെ വലിയ നഷ്ടമായിരുന്നുവെന്ന് പിന്നീട് റയല്‍ അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തു.
മറുവശത്ത് 2014 ന് ശേഷം ടോട്ടന്‍ഹാമില്‍ ആഴ്‌സണല്‍ അവരുടെ ആദ്യ ലീഗ് വിജയത്തിലേക്ക് കുതിക്കുകയും പ്രീമിയര്‍ ലീഗിന്റെ പോയിന്റ് ടേബിളില്‍ സിറ്റിയേക്കാള്‍ എട്ടു പോയിന്റ് ലീഡ് നേടുകയും ചെയ്തു. ആഴ്‌സനലിന്റെ കുതിപ്പില്‍ നോര്‍വേ ഇന്റര്‍നാഷണല്‍ വഹിച്ച പങ്ക് വിലമതിക്കനാവാത്തതാണ്. ടോട്ടന്‍ഹാമിനെതിരെ അവസാന മത്സരത്തില്‍ വലകുലുക്കിയതോടെ ഒഡെഗാഡിന്റെ സീസണിലെ എട്ടാമത്തെ ഗോളായിമാറിയത്.


2020-21 കാമ്പെയ്‌നിന്റെ രണ്ടാം പകുതിയില്‍ മാഡ്രിഡില്‍ നിന്നുള്ള വിജയകരമായ ലോണ്‍ സ്‌പെല്ലിന് ശേഷം 24 കാരനെ ക്ലബ്ബിലേക്ക് തിരികെ കൊണ്ടുവരാന്‍ ആഴ്‌സണലിന്റെ മാനേജര്‍ തീരുമാനിക്കുകയായിരുന്നു. ഒഡെഗാഡില്‍ ആഴ്‌സണല്‍ കാണിച്ച വിശ്വാസം കാക്കുന്ന പ്രകടനമാണ് ഓരോ മത്സരം കഴിയുന്തോറും യുവതാരം പുറത്തെടുക്കുന്നത്. അദ്ദേഹത്തിന്റെ എട്ട് ലീഗ് ഗോളുകളില്‍ ആറും ആഴ്‌സണലിന്റെ എവേ മത്സരങ്ങളിലാണ് നേടിയത്. കിരീടത്തിലേക്കുള്ള യാത്രയില്‍ ആഴ്‌സനല്‍ പ്രതീക്ഷയര്‍പ്പിക്കുന്നതും ഈ താരത്തിലാണ്. 2014 മുതല്‍ നോര്‍വെ ദേശീയ ടീമില്‍ കളിക്കുന്ന ഒഡേഗാര്‍ഡ് 47 കളികളാണ് ഇതുവരെ കളിച്ചത്.

You Might Also Like