പുറത്താക്കപ്പെട്ട് മറ്റൊരു സൂപ്പര്‍ പരിശീലകന്‍ കൂടി, പകരം ഇന്ത്യന്‍ വണ്ടര്‍ കോച്ച്

ഐഎസ്എല്‍ ആദ്യ ഘട്ടം അവസാനിച്ചിരിക്കെ മറ്റൊരു പരിശീലകന് കൂടി സ്ഥാനം തെറിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായ ജെറാര്‍ഡ് നസിനെയാണ് ഹൈലാന്‍ഡുകാര്‍ പുറത്താക്കിയിരിക്കുന്നത്. പകരം ഇന്ത്യയ്ക്കാരനായ ഖാലിദ് ജമാലിനെയാണ് മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഇക്കാര്യം ഔദ്യോഗിമായി സ്ഥിരീകരിച്ചുകഴിഞ്ഞു. ബംഗളൂരു എഫ് സിക്കെതിരെ നടന്ന മത്സരത്തില്‍ ടീം 1-1 ന് സമനില വഴങ്ങിതിന് പിന്നാലെയാണ് കടുത്ത തീരുമാനം നോര്‍ത്ത് ഈസ്റ്റ് പ്രഖ്യാപിച്ചത്.

നോര്‍ത്ത് ഈസ്റ്റ് 11 മത്സരങ്ങളില്‍ മാത്രം പരിശീലിപ്പിച്ച ശേഷമാണ് 36 വയസ് മാത്രം പ്രായമുളള നസിന് സ്ഥാനം തെറിയ്ക്കുന്നത്. ഐഎസ്എല്ലില്‍ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീമാണ് നോര്‍ത്ത് ഈസ്റ്റ്. സീസണിലെ ആദ്യ 5 മത്സരങ്ങളില്‍ അജയ്യരായ അവര്‍ മുംബൈ സിറ്റി എഫ് സി യേയും, ഈസ്റ്റ് ബെംഗാളിനേയും പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുളള ഏഴ് മത്സരങ്ങള്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്കായില്ല. ഇതോടെയാണ് കോച്ചിന് സ്ഥാനം നഷ്ടമാകുന്നത്.

നേരത്തെ മുന്‍ ഐസ്വോള്‍ എഫ്സി കോച്ച് ഖാലിദ് ജമീലിന് കീഴിലായിരുന്നു ഈ പ്രവശ്യത്തെ ഐഎസ്എല്‍ ഒരുക്കങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തിവന്നത്. ക്രൊയേഷ്യന്‍ പരിശീലകനായ റോബര്‍ട്ട് ജാര്‍നി ക്ലബ് വിട്ടതോടെയാണ് ജമീല്‍ ചുമതലയേറ്റത്. എന്നാല്‍ നസ് എത്തിയതോടെ ഖാലിദ് ജമാല്‍ ഒതുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ബംഗളൂരു എഫ്‌സിയും തങ്ങളുടെ സൂപ്പര്‍ പരിശീലകന്‍ കാര്‍ലോസ് ക്വാഡ്രാത്തിനെ പുറത്താക്കിയിരുന്നു. ഐഎസ്എല്ലില്‍ ബംഗളൂരുവിന് കിരീട വിജയം സമ്മാനിച്ച പരിശീലകനാണ് ക്വഡ്രാറ്റ്. അവസാന അഞ്ചു സീസണുകളിലായി ബംഗളൂരു എഫ് സിക്ക് ഒപ്പം ഈ സ്പാനിഷ് പരിശീലകന്‍ ഉണ്ടായിരുന്നു. 2016ലും 17ലും ആല്‍ബര്‍ട്ട് റോക്കയുടെ കീഴില്‍ സഹ പരിശീലകനായും പിന്നീട് മൂന്ന് വര്‍ഷം മുഖ്യ പരിശീലകനായും കാര്‍ലസ് പ്രവര്‍ത്തിച്ചു.

കാര്‍ലസിന്റെ അഭാവത്തില്‍ സഹ പരിശീലകന്‍ നൗഷാദ് മൂസ ബംഗളൂരു എഫ് സിയെ പരിശീലിപ്പിക്കും. ഈസ്റ്റ് ബംഗാളിന് എതിരായ മത്സരമാകും നൗഷാദ് മൂസയുടെ ആദ്യ ചുമതല.

You Might Also Like