ദിമിത്രിയോസിന്റെ കാര്യത്തിൽ പ്രതീക്ഷക്കു വകയുണ്ട്. പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ജേർണലിസ്റ്റ്

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെ പുതിയ അപ്‌ഡേറ്റുമായി പ്രമുഖ മാധ്യമപ്രവർത്തകൻ മാർക്കസ് മെർഗുലാവോ. ഈ സീസണോടെ ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിക്കുന്ന ദിമിത്രിയോസിനു വേണ്ടി ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എന്നീ ക്ലബുകൾ സജീവമായ ശ്രമം നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്.

കൊൽക്കത്ത ശക്തികളായ ഈസ്റ്റ് ബംഗാളിന്റെ ഓഫർ ദിമിത്രിയോസ് സ്വീകരിച്ചുവെന്ന റിപ്പോർട്ടുകൾ കുറച്ചു ദിവസമായി സജീവമാണ്. എന്നാൽ ഇതിനെ മാർക്കസ് പൂർണമായും തള്ളിക്കളഞ്ഞു. പഞ്ചാബ് എഫ്‌സി താരമായ തലാലിനു വേണ്ടി ഈസ്റ്റ് ബംഗാൾ രംഗത്തുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ്, മുംബൈ സിറ്റി താരം പെരേര ഡയസ് എന്നിവർക്ക് വേണ്ടി ഈസ്റ്റ് ബംഗാൾ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിനു പുറമെ ഉണ്ടായിരുന്ന മറ്റൊരു അഭ്യൂഹമാണ് പെരേര ഡയസിനു പകരം ദിമിത്രിയോസിനെ സ്വന്തമാക്കാൻ മുംബൈ ശ്രമിക്കുന്നുണ്ടെന്ന്. എന്നാൽ ആ അഭ്യൂഹങ്ങളെയും മാർക്കസ് തള്ളിക്കളഞ്ഞു. അത്തരത്തിലുള്ള ഒരു നീക്കവും മുംബൈ സിറ്റിയുടെ ഭാഗത്തു നിന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. വരുന്ന മാസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകുമോയെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈ വെളിപ്പെടുത്തൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. രണ്ടു സീസണുകളായി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ദിമിത്രിയോസ്. ഹാഫ് ചാൻസടക്കം ഗോളാക്കാൻ കഴിയുന്ന താരം ടീമിൽ തുടരണമെന്നാണ് ഏവരുടെയും ആഗ്രഹമെങ്കിലും കരാർ പുതുക്കാതെ നിൽക്കുന്നത് ആരാധകർക്ക് ആശങ്ക തന്നെയാണ്.

You Might Also Like