കളിക്കളത്തിലെ മാന്യത നെയ്മർ ഇനിയും പഠിച്ചിട്ടില്ല, ചുവപ്പുകാർഡിന്റെ തോഴനായി നെയ്മർ

കളിക്കളത്തിൽ പ്രതിഭയുടെ നിറകുടമാണെങ്കിലും മോശം പെരുമാറ്റവും അച്ചടക്കമില്ലായ്മയും നെയ്മറിന് പലപ്പോഴും തിരിച്ചടി നൽകാറുണ്ട്. പ്രൊഫഷണൽ ഫുട്ബോളിലേക്ക് കാലെടുത്തു വെച്ചിട്ടു ഇത്രയും കാലമായിട്ടും അതിനൊരു മാറ്റവും നെയ്മറിൽ ഉണ്ടായിട്ടില്ലെന്നതിനു തെളിവാണ് ലില്ലേക്കെതിരായ മത്സരത്തിലെ ചുവപ്പു കാർഡ്. ഇതോടെ കഴിഞ്ഞ പതിനാലു മത്സരങ്ങളിൽ നിന്നായി 3 ചുവപ്പു കാർഡുകൾ കണ്ട് നെയ്മറിന് പുറത്തു പോകേണ്ടി വന്നിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത.

പിഎസ്‌ജിക്കെതിരായ ലില്ലേയുടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തോടെ ലീഗിൽ ഒന്നാമതെത്താൻ ലില്ലേക്ക് സാധിച്ചിരിക്കുകയാണ്. ജോനാഥൻ ഡേവിഡിന്റെ ആദ്യപകുതിയിലെ ഗോളാണ് ലില്ലേക്ക് ലീഗ് കിരീടപോരാട്ടത്തിൽ നിർണായകമായ വിജയം നേടിക്കൊടുത്തത്. ലില്ലേയുടെ പോർച്ചുഗീസ് പ്രതിരോധതാരം ടിയാഗോ ഡിയാലോയെ തള്ളിയിട്ടതിനാണ് മത്സരത്തിന്റെ അവസാന സമയത്ത് രണ്ടാം മഞ്ഞക്കാർഡിനൊപ്പം ചുവപ്പു കാർഡും കണ്ട് നെയ്മർക്കു പുറത്തു പോവേണ്ടി വന്നത്.

മത്സരശേഷം ടണലിലേക്ക് നടന്ന നെയ്മറും ഡിയാലോയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും നെയ്മർ ഡയലോയെ കഴുത്തിനു തള്ളുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അസഭ്യവർഷം നടത്തുന്ന നെയ്മറിനെ തല്ലാൻ പോകുമ്പോൾ സഹപ്രവർത്തകർ താരത്തെ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
നെയ്മറിന്റെ അച്ചടക്കമില്ലായ്മ വീണ്ടും പിഎസ്‌ജിക്കു തലവേദനയായിക്കൊണ്ടിരിക്കുകയാണ്. തന്റെ കരിയറിൽ നെയ്മറിന് 11 തവണ ചുവപ്പു കാർഡ് കാണേണ്ടിവന്നിട്ടുണ്ട്. മുന്നേറ്റനിരക്കാരനായ കളിക്കാരിൽ തന്നെ ഏറ്റവും ഉയർന്ന കണക്കാണത്.

പിഎസ്‌ജിയിൽ ആദ്യത്തെ ചുവപ്പു കാർഡ് മാഴ്സെക്കെതിരായ മത്സരത്തിലാണ് ലഭിക്കുന്നത്. അന്നു മാഴ്സെ താരമായിരുന്ന ലൂക്കാസ് ഓകമ്പോസിനെ തലക്കിടിച്ചതിനായിരുന്നു ചുവപ്പുകാർഡ് ലഭിച്ചത്.പിന്നീട് ബോർഡൊക്സിനെതിരെയും ഒരാവശ്യവുമില്ലാതെ റെഡ് കാർഡ് വാങ്ങിയിരുന്നു. ബ്രസീലിൽ കാർണിവലിനു പോവാൻ വേണ്ടിയാണു അതു ചെയ്തതെന്ന ആരോപണവും താരത്തിനെതിരെ ഉയർന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ മാർസെ താരം അൽവാരോ ഗോൺസാലോക്കൊപ്പം വംശീയമായി അധിക്ഷേപിച്ചതിനും നെയ്മറിന് റെഡ് കാർഡ് കണ്ടു പുറത്തു പോവേണ്ടി വന്നിരുന്നു. എപ്പോൾ നെയ്മറിന് ചുവപ്പു കാർഡ് കണ്ടു പുറത്തു പോവേണ്ടി വന്നിട്ടുണ്ടോ അതിനൊപ്പം പിഎസ്‌ജിയും യൂറോപ്പിന്റെ മുൻനിരയിൽ നിന്നും താഴോട്ടു പോകുന്ന അവസ്ഥയാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

You Might Also Like