നെയ്മറും മെസിയും ഒരുമിച്ചു കളിക്കും, പരീസിലല്ല ബാഴ്സയിലെന്നു വ്യക്തമാക്കി നെയ്മറുടെ മുൻ ഏജന്റ്

ബാഴ്സയിലേക്ക് തിരിച്ചു വരണമെന്ന് മെസി ആഗ്രഹിക്കുന്ന ഏറ്റവും അടുത്ത സുഹുത്താണ് നെയ്മർ ജൂനിയർ. രണ്ടു വർഷം മുമ്പ് താരത്തെ തിരിച്ചെത്തിക്കാൻ ബാഴ്സയും വലിയ രീതിയിൽ ശ്രമിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക പിഴവുമൂലം നടക്കാതെ പോവുകയായിരുന്നു. നെയ്മറിനും ബാഴ്സയിൽ നിന്നും പോയതിൽ വലിയ രീതിയിലുള്ള കുറ്റബോധം ഉണ്ടായിരുന്ന സാചര്യത്തിൽ ബാഴ്സയിലേക്ക് തിരിച്ചു വരാനുള്ള ആഗ്രഹം താരം തന്നെ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ ആ നീക്കം എങ്ങുമെത്താതെ പോയതോടെ പി എസ്ജിയിൽ തന്നെ തുടരുകയായിരുന്നു. നിലവിൽ പാരീസുമായി പുതിയ കരാറിൽ ഒപ്പിടുമെന്ന അഭ്യൂഹങ്ങൾ നിലവിലുണ്ടെങ്കിലും നെയ്മർ വീണ്ടും മെസിക്കൊപ്പം കളിക്കുമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നെയ്മറുടെ മുൻ ഏജൻ്റായ ആന്ദ്രെ കറി. അർജൻ്റീനിയൻ മാധ്യമമായ എൽ ലിറ്റോറലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” നെയ്മറിനു ബാഴ്സയിലേക്ക് തുറന്ന വാതിലാണുള്ളത്. അവൻ ചെയ്തത് ഒരു പിഴവാണെന്നു അവരുടെ ഫാൻസിനുമറിയാം. കുറച്ചു കാലം കൊണ്ടു തന്നെ അത് അവനും പിന്നീട് മനസിലായിട്ടുണ്ട്. രണ്ടു വർഷം മുൻപ് നെയ്മർ ഔദ്യോഗികമായി ബാഴ്സയിലേക്കു തിരിച്ചു പോകാൻ ആഗ്രഹമുണ്ടെന്നു അറിയിച്ചിരുന്നു. ഞങ്ങളും അവനെ പാരീസിൽ നിന്നും പുറത്തെത്തിക്കാൻ വലിയ ശ്രമം നടത്തി. ചില കാരണങ്ങളാൽ അത് നടക്കാതെ പോവുകയായിരുന്നു.”

“അവരെ ഒരുമിപ്പിക്കാൻ ഇനി ലപോർട്ടക്കു മാത്രമേ സാധിക്കുകയുള്ളു. മെസി ബാഴ്സ വിട്ടു പോവുകയില്ല. ബാഴ്സയിൽ തന്നെയാണ് തന്റെ ചരിത്രമെന്നു അദ്ദേഹത്തിനു ബോധ്യമുണ്ട്. എനിക്കു അത് വളരെ വ്യക്തമായ കാര്യമാണ്.നെയ്മർ മെസിക്കൊപ്പം കളിക്കും. അതു പക്ഷെ ഭാര്സായിലായിരിക്കുമെന്ന് മാത്രം.” കറി പറഞ്ഞു.

You Might Also Like