നെയ്മർ ആരാധകർക്ക് സന്തോഷവാർത്ത, നെയ്മർ കോവിഡ് മുക്തനായി.

പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ കോറോണയിൽ നിന്നും രോഗമുക്തനായി. താരം തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ഫുട്ബോൾ ലോകത്തെ അറിയിച്ചത്. പിഎസ്‌ജിയുടെ മെഡിക്കൽ സംഘത്തിന്റെ അനുമതി ലഭിച്ചാലുടൻ തന്നെ നെയ്മർ പരിശീലനത്തിനിറങ്ങിയേക്കും.

വരുന്ന ഞായറാഴ്ച്ച നടക്കുന്ന പിഎസ്‌ജിയുടെ രണ്ടാമത്തെ ലീഗ് മത്സരത്തിൽ നെയ്മർക്ക് കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നെയ്മറെ കൂടാതെ ആറു താരങ്ങൾക്കും പിഎസ്ജിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കിലിയൻ എംബാപ്പെ, എയ്ഞ്ചൽ ഡി മരിയ, മൗറോ ഇകാർഡി, പരേഡസ്, കെയ്‌ലർ നവാസ്, മാർക്കിഞ്ഞോസ് എന്നിവർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

ഇതിൽ എംബാപ്പെ ഒഴികെയുള്ളവർക്ക് വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നായിരുന്നു കോവിഡ് പിടിപ്പെട്ടത്. എംബാപ്പെക്ക് കോവിഡ് സ്ഥിരീകരിച്ചത് പിഎസ്‌ജി ക്യാമ്പിൽ നിന്നായിരുന്നു. എന്നാൽ കോവിഡ് മൂലം സൂപ്പർ താരങ്ങളുടെ അഭാവത്തിലിറങ്ങിയ പിഎസ്ജിക്ക് ഇന്നലെ ലീഗ് വണ്ണിൽ ആദ്യമത്സരത്തിൽ തോൽവിയേറ്റുവാങ്ങേണ്ടിവന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജി ലെൻസിനോട് തോറ്റത്.

പുതുതായി ലീഗ് വണ്ണിലേക്ക് പ്രൊമോഷൻ കിട്ടിയ ടീമാണ് ലെൻസ്‌. ഇനി ഞായറാഴ്ച്ച നടക്കുന്ന മത്സരം പിഎസ്ജിക്ക് നിർണായകമാണ്. ചിരവൈരികളായ മാഴ്സെയാണ് ഞായറാഴ്ച പിഎസ്ജിയുടെ എതിരാളികൾ. സൂപ്പർതാരങ്ങൾക്ക് കോവിഡ് പിടിപെട്ടത് പിഎസ്‌ജിക്ക് തലവേദനയാവുന്നുണ്ടെങ്കിലും നെയ്മറുടെ തിരിച്ചുവരവ് പ്രതീക്ഷയേകുന്നുണ്ട്.

You Might Also Like