നെയ്മറിന് വീണ്ടും തിരിച്ചടി, വംശീയാധിക്ഷേപത്തിന് കൂടുതൽ വിലക്കു ലഭിച്ചേക്കും

Image 3
FeaturedFootballLeague 1

റെയിംസിന് എതിരായ മത്സരത്തിൽ പറ്റിയ പരിക്കിൽ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റൊരു  സംഭവത്തിൽ നെയ്മറിനു വീണ്ടും  പണി കിട്ടിയിരിക്കുകയാണ്. മാർസെയുമായി നടന്ന മത്സരത്തിൽ നെയ്മർ വംശീയാധിക്ഷേപം നടത്തിയെന്ന് തെളിഞ്ഞതാണ് നെയ്മറിന് വിനയായത്. ഇതോടെ 2020 വർഷത്തെ മത്സരങ്ങളിൽ നെയ്മറിന് വിലക്കു ലഭിച്ചേക്കാമെന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2020-21ൽ നെയ്മറിന്റെ തുടക്കം മികച്ചതായിരുന്നുവെങ്കിലും സീസണിലെ ആദ്യ മത്സരം തന്നെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ നഷ്ടമായിരുന്നു. ഒപ്പം മാർസെയുമായി നടന്ന മത്സരത്തിൽ റെഡ് കാർഡ് ലഭിച്ചതിനെതുടർന്ന് 2 മത്സരത്തിൽ വിലക്കും ലഭിച്ചിരുന്നു. അടുത്തിടെ നടന്ന റെയിംസുമായുള്ള മത്സരത്തിലാണ് നെയ്മറിന് കളിക്കാനായത്.

റെയിംസിനെതിരായ മത്സരത്തിൽ നെയ്മറിനേറ്റ പരിക്കൂമൂലം കൂടുതൽ മത്സരങ്ങൾ നഷ്ടപ്പെടുമെന്ന് ആശങ്കയുയർന്നിരുന്നു. എന്നാൽ എൽ എക്യുപേയുടെ പുതിയ റിപ്പോർട്ടുകൾ പ്രകാരം നെയ്മർ ആ പരിക്ക് അതിജീവിച്ചുവെന്നാണ് അറിയാനാവുന്നത്. ഈ ആശ്വാസത്തിനിടയിലും ഫ്രഞ്ച് ലീഗ്‌ അച്ചടക്ക സമിതി നെയ്മർക്കെതിരെ ശിക്ഷാ നടപടികളുമായി  രംഗത്തെത്തിയത് പിഎസ്‌ജിക്ക് വീണ്ടും തലവേദനയായിരിക്കുകയാണ്.

മാർസെയുടെ ചൈനീസ് താരമായ സകായെ വംശീയമായി അധിക്ഷേപിച്ചതിനും ഒപ്പം അൽവാരോ ഗോൻസാലസിനോട് സ്വർവർഗ്ഗരതിചുവയുള്ള അസഭ്യം പറഞ്ഞുവെന്ന കണ്ടെത്തലിലുമാണ് നെയ്മറിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങുന്നത്. പത്തു ലീഗ്‌ മത്സരങ്ങൾ വരെ നെയ്മറിന് വിലക്കുലഭിക്കാനാണ് സാധ്യത. ഇതോടെ ലീഗിൽ 2020ൽ ഇനി നെയ്മറിന്റെ സേവനം പിഎസ്‌ജിക്ക് നഷ്ടമായേക്കും. എന്നിരുന്നാലും യൂറോപ്യൻ മത്സരങ്ങളിൽ നെയ്മറിന് കളിക്കാനായേക്കും.