സ്റ്റേഡിയത്തിനു മറഡോണയുടെ നാമം നൽകാനൊരുങ്ങി നാപോളി, ക്ലബ്ബിന്റെ ആദരമെന്നു പ്രസിഡന്റ്

ലോകമെങ്ങും മറഡോണയുടെ അപ്രതീക്ഷിത വിയോഗത്തിൽ വിലപിക്കുകയാണ്. ഇറ്റലിയിലെ മറഡോണയുടെ സ്വന്തം നഗരമായ നാപിൾസും മറഡോണയുടെ മരണവാർത്തയിൽ തേങ്ങുകയാണ്. ഇറ്റലിയിലെ അഴുക്കുചാൽ എന്ന് വിളിച്ചിരുന്ന നാപിൾസുകാരുടെ സ്വന്തം ക്ലബ്ബായ നാപോളിയെ ലോകഫുട്ബോളിന്റെ നെറുകയിലേക്ക് എത്തിച്ച അവരുടെ ഇതിഹാസതാരമാണ് മറഡോണ.

അവരുടെ ചരിത്രത്തിൽ ആദ്യമായി സീരി എ കിരീടം നേടിക്കൊടുക്കാൻ പ്രധാന പങ്കുവഹിച്ച താരമാണ് മറഡോണ. ബാഴ്‌സലോണയിൽ നിന്നും നാപിൾസിലേക്ക് കൂടുമാറിയ മറഡോണ ആ നാടിന്റെ ദൈവമായി മാറുകയായിരുന്നു. 1991ൽ മറഡോണ നാപോളി വിട്ടെങ്കിലും ഇപ്പോഴും ആ നഗരത്തിന്റെ ദൈവമെന്ന സ്ഥാനത്തിന് ഒരു കളങ്കവും വന്നിട്ടില്ല.

അതുകൊണ്ടു തന്നെ മറഡോണ നാപോളിക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്തു നാപോളി സവോ പോളോ സ്റ്റേഡിയത്തിനു മറഡോണയുടെ കൂടി നാമം ചേർക്കാനുള്ള ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ് നാപോളി പ്രസിഡന്റായ ഒറേലിയോ ഡി ലോറന്റീസ്‌.”നമ്മുടെ സ്റ്റേഡിയത്തിന്റെ നാമം സവോ പോളോ- ഡിയെഗോ അർമാൻഡോ മറഡോണയെന്നാക്കാനുള്ള നീക്കം പരിഗണിക്കാവുന്നതാണ്” ലോറന്റീസ് ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനോട് പറഞ്ഞു. ഒപ്പം നാപോളി നഗരത്തിന്റെ മേയറായ ലുയിജി ഡി മജിസ്ട്രിസും ആ നീക്കത്തിന് പിന്തുണയറിയിച്ചു രംഗത്തെത്തി.

” നമ്മൾ സവോ പോളോ സ്റ്റേഡിയത്തിന്റെ നാമം ആദരസൂചകമായി മറഡോണയുടെ പേരും കൂട്ടിച്ചേർക്കും.ഡിയെഗോ മറഡോണ നമ്മെ വിട്ടു പോയിരിക്കുകയാണ്. ലോകത്തിലെ എക്കാലത്തെയും മികച്ചതാരം. ഡിയെഗോയാണ് ഞങ്ങളുടെ ജനങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ബുദ്ധിവിശേഷത്തിലൂടെ നാപ്പിൾസിനെ അദ്ദേഹം മോചിപ്പിച്ചു. 2017ൽ അദ്ദേഹത്തിന് ആദരസൂചകമായി പൗരത്വം നൽകി. ഡിയെഗോ, നാപോളിറ്റൻ, അർജന്റൈൻ നിങ്ങളാണ് ഞങ്ങൾക്ക് സന്തോഷം പകർന്നത്. നാപിൾസ് നിങ്ങളെ സ്നേഹിക്കുന്നു.”മജിസ്ട്രിസ് ട്വിറ്ററിൽ കുറിച്ചു.

You Might Also Like