ബാഴ്‌സയുടെ പേടിസ്വപ്‌നം പറയുന്നു, ചാമ്പ്യന്‍സ് ലീഗില്‍ മെസിയെ പിടിച്ചുകെട്ടും

Image 3
Champions LeagueFeaturedFootball

മെസിയുടെ മുന്നേറ്റങ്ങളെ തടുക്കാൻ ഒരു ടീമെന്ന നിലയിൽ ഒരുമിച്ചു പ്രവർത്തിച്ചാൽ കഴിയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നാപോളിയുടെ ഗ്രീക്ക് പ്രതിരോധനിരതാരം കോസ്റ്റാസ് മനോലാസ്. മുൻപ് ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്‌സലോണയെ പുറത്താക്കിയ റോമയുടെ മുൻതാരമാണ് മനോലാസ്. മത്സരത്തിൽ അവസാന സമയത്ത് ഗോൾ നേടിയത് ഈ ഗ്രീക്ക് പ്രതിരോധതാരമായിരുന്നു.

വരുന്ന ശനിയാഴ്ച ബാഴ്‌സയുടെ തട്ടകത്തിൽ വെച്ചാണ് നാപോളിയുമായുള്ള ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ മത്സരം നടക്കുക. ആദ്യപാദത്തിൽ നാപോളിയുടെ തട്ടകത്തിൽ വെച്ച് 1-1നു മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. അതോടെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ ഈ മത്സരം ഇരു കൂട്ടർക്കും നിർണായകയിരിക്കുകയാണ്.

2017-18 സീസണിലാണ് മനോലാസ് റോമക്ക് വേണ്ടി ബാഴ്‌സലോണക്കെതിരെ നിർണായക ഗോൾ നേടുന്നത്. വീണ്ടും ബാഴ്‌സലോണയെ പുറത്താക്കാൻ മനോലാസിന് സാധിക്കുമെന്ന് റോമൻ ഇതിഹാസതാരം ഫ്രാൻസിസ്‌കോ ടോട്ടി ധൈര്യം പകർന്നുവെന്നു മനോലാസ് വെളിപ്പെടുത്തി.

താൻ ടോട്ടിയെ കണ്ടുമുട്ടിയെന്നും ധൈര്യം കൈവിടരുതെന്നും വീണ്ടും ശ്രമിക്കണമെന്നും ടോട്ടി ഉപദേശിച്ചുവെന്നും ലാ റിപ്പബ്ലിക്കക്ക് നൽകിയ ആഭിമുഖത്തിൽ മനോലാസ് വെളിപ്പെടുത്തി.

“ഒരു ടീമെന്ന നിലയിൽ കൂട്ടമായി പ്രവർത്തിച്ച് മെസിയെ തടയാനാവും. അദ്ദേഹത്തിന്റെ പ്രതിഭയെ പേടിക്കാതെ തന്നെ കളിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ഫുട്ബോളിലുള്ള വൈദഗ്ധ്യവും ബുദ്ധിശക്തിയും വെച്ച് എന്റെ അഭിപ്രായത്തിൽ അദ്ദേഹമാണ് ഈ ലോകത്തിലെ ഏറ്റവും മികച്ചതാരം. എങ്കിലും മത്സരത്തിന്റെ സമ്മർദ്ദം അവരിലാണ് കൂടുതൽ. ഇൻസിഗ്നെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ വാരിയെല്ലിനുണ്ടായിരുന്ന വേദനമാറിയത് ആശ്വാസകരമാണ്.”മനോലാസ് അഭിപ്രായപ്പെട്ടു.