മുംബൈ ഇന്ത്യന്‍സ് ജീവിതം തന്നെ മാറ്റിമറിച്ചു, ഇംഗ്ലണ്ടിലേക്ക് പറക്കും മുമ്പ് സൂര്യ പറയുന്നു

തന്റെ ക്രിക്കറ്റ് കരിയര്‍ മാറ്റി മറിച്ചത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് ചേക്കേറിയതോടെയാണെന്ന് തുറന്ന് പറഞ്ഞ് സൂര്യകുമാര്‍ യാദവ്. മുംബൈ ഇന്ത്യസില്‍ എത്തിയതോടെ ക്രിക്കറ്റില്‍ എന്താണ് തന്റെ ചുമതലയെന്നും അത് എങ്ങനെ നിര്‍വ്വഹിക്കണമെന്നുമെല്ലാം കൃത്യമായി മനസ്സിലാക്കാനായതായി സൂര്യകുമാര്‍ യാദവ് പറയുന്നു.

‘ഞാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഴേസ് ടീമില്‍ ഏറെ വ്യത്യസ്ത റോളുകള്‍ നിര്‍വഹിച്ചിരുന്നു. പക്ഷേ മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് എത്തിയ ശേഷം എന്താണ് എന്റെ ചുമതലയെന്നത് വിശദമായി മനസ്സിലാക്കുവാന്‍ തുടങ്ങി. എന്റെ കളിയെ കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിക്കുവാന്‍ തുടങ്ങിയതും മുംബൈ ടീമില്‍ എത്തിയ ശേഷമാണ്’ സൂര്യ തുറന്ന് പറയുന്നു.

‘അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യങ്ങള്‍ വളരെ കരുതലോടെ കൊണ്ട് പോകണം എന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ട്. ടീം ഇന്ത്യക്കായി കളിക്കുകയെന്നത് എന്റെ സ്വപ്നമാണ്. നിലവിലെ എന്റെ പ്രകടനം ഏറെ സന്തോഷം നല്‍കുന്നുണ്ട്. എന്റെ കഠിനമായ അധ്വാനത്തിന് മികച്ച റിസള്‍ട്ട് ലഭിക്കുന്നതിലും സന്തോഷം. ഇനിയെല്ലാം എന്റെ കൈയ്യിലാണ്.’ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.

നിലവില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ച്ചവെച്ചത്. ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെ നേടിയ സൂര്യ പരമ്പരയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇതോടെ ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും സൂര്യകുമാര്‍ യാദവിന് വിളി വന്ന് കഴിഞ്ഞു. നീണ്ട കാത്തിരിപ്പിന് 30ാം വയസ്സിലെങ്കിലും ഫലം ലഭിച്ച സന്തോഷത്തിലാണ് സൂര്യയിപ്പോള്‍.

You Might Also Like