എടികെയ്ക്ക് മുംബൈ സിറ്റി എഫ്‌സിയുടെ പ്രഹരം, സൂപ്പര്‍ താരത്തെ റാഞ്ചി

അഭ്യൂഹങ്ങള്‍ക്ക്് വിരാമം. ഇന്ത്യന്‍ സൂപ്പര്‍ താരം അപൂയയെ (ലാലംഗ് മാവിയ റാള്‍ട്ടെ) റാഞ്ചി മുംബൈ സിറ്റി എഫ്‌സി. താരത്തെ സ്വന്തമാക്കാന്‍ മുംബൈ സിറ്റി എഫ്‌സിയും എടികെയും നടത്തിയ മത്സരത്തിന് ഒടുവിലാണ് അവസാനം മുംബൈ ചിരിച്ചത്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ ഫീ നല്‍കിയാണ് അപൂയയെ സ്വന്തം ടീമില്‍ മുംബൈ എത്തിച്ചത്.

അപൂയയെ സ്വന്തമാക്കാന്‍ മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ട് കോടി രൂപയോളം ട്രാന്‍സ്ഫര്‍ ഫീ നല്‍കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ ഹൈദരാബാദ് എഫ് സിയില്‍ നിന്ന് ലിസ്റ്റണ്‍ കൊളാസോയെ സ്വന്തമാക്കാന്‍ എടികെ മോഹന്‍ ബഗാന്‍ മുടക്കിയ തുകയുടെ ഏകദേശം ഇരട്ടിയോളം വരുമിത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച അപൂയ, സീസണിലെ എമര്‍ജിംഗ് താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. സീസണില്‍ എഫ് സി ഗോവക്കെതിരെ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ക്യാപ്റ്റനായതോടെ, ഒരു ഐ എസ് എല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും അപൂയ മാറിയിരുന്നു. പോയ സീസണിലെ മികച്ച പ്രകടനം അപൂയയ്ക്ക് ഇന്ത്യന്‍ ടീമിലും താരത്തിന് സ്ഥാനം നേടിക്കൊടുത്തിരുന്നു.

ഇരുപതുകാരനായ അപൂയയെ സ്വന്തമാക്കാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ഫുട്‌ബോളിലെ വമ്പന്മാരായ എടികെ മോഹന്‍ബഗാനും, മുംബൈ സിറ്റി എഫ് സിയും തമ്മില്‍ വലിയ മത്സരമായിരുന്നു നടന്നു കൊണ്ടിരുന്നത്. എന്നാല്‍ മുംബൈ മുന്നോട്ടു വെച്ച വമ്പന്‍ ഓഫര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വീകരിച്ചതോടെ ഈ ട്രാന്‍സ്ഫര്‍ മത്സരത്തിന് അവസാനമാവുകയായിരുന്നു.

 

You Might Also Like