വീണ്ടും മുംബൈ സിറ്റി, ആ പ്രതിരോധ കോട്ടയെ ടീമിലെത്തിച്ചു

എഫ്‌സി ഗോവയുടെ സെനഗല്‍ പ്രതിരോധതാരം മുര്‍ത്തദ്ദ ഫാള്‍ ഇനി മുംബൈ സിറ്റിയ്ക്കായി പന്ത് തട്ടും. സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗിതമായി പ്രഖ്യാപിച്ചത്. ഇതോടെ എഫ്‌സി ഗോവയില്‍ നിന്നും മുംബൈ സിറ്റി എഫ്‌സിയിലെത്തുന്ന മൂന്നാമത്തെ താരമായി മാറി ഫാള്‍.

കഴിഞ്ഞ രണ്ടു സീസണിലും ഗോവന്‍ പ്രതിരോധ നിരയിലെ കന്തമുനയായിരുന്നു മുര്‍ത്തദ്ദ. പ്രതിരോധത്തിനൊപ്പം ഗോളടിക്കാനുളള കഴിവും ഐഎസ്എല്ലിലെ എണ്ണംപറഞ്ഞ താരങ്ങളിലൊരാളാക്കി ഫാളിനെ മാറ്റി.

ഗോവയ്ക്കായി 40 മത്സരങ്ങള്‍ കളിച്ച ഫാള്‍ ഒന്‍പത് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ മുംബൈ സിറ്റി പരിശീലകനായ സെര്‍ജിയോ ലൊബേരയുടെ വിശ്വസ്തനായിട്ടാണ് ഫാള്‍ അറിയപ്പെടുന്നത്.

മൊറോക്കന്‍ ക്ലബ് മഗ്രിബ് റ്റിറുവാനില്‍ ലൊബേരയ്ക്ക് കീഴിലാണ് ഫാള്‍ കളിച്ചത്. 163 മത്സരങ്ങളിലാണ് മൊറോക്കന്‍ ക്ലബിനായി ഫാള്‍ ബൂട്ടണിഞ്ഞത്. അവിടെനിന്നും ലൊബേര ഗോവയിലെത്തിയതോടെ ഫാളും ഇന്ത്യയിലേക്ക് വിമാനം കയറുകയായിരുന്നു.

You Might Also Like