ലീഗിൽ പിഎസ്‌ജിയെ തകർത്ത് മൊണാകോ, ട്വിറ്ററിൽ ബാഴ്‌സലോണയെ കളിയാക്കി മൊണാകോ

ബാഴ്സക്കെതിരായ ചാമ്പ്യൻസ് ലീഗിലെ വമ്പൻ വിജയത്തിനു ശേഷം ലീഗിൽ മൊണാകോക്കെതിരെ പിഎസ്ജിക്ക് അപ്രതീക്ഷിത തോൽവി രുചിക്കേണ്ടി വന്നിരിക്കുകയാണ്.’ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മൊണാകോ പിഎസ്ജിയെ തകർത്തു വിട്ടത്. മൊണാകോക്കായി സോഫിയാൻ ഡിയോപ്പും ഗ്യുല്ലെർമോ മാരിപാനുമാണ് പിഎസ്ജിയുടെ വലകുലുക്കിയത്.

ഇതോടെ പോയൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് പിഎസ്ജി. ലോറിയൻ്റിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത ലില്ലെയാണ് നിലവിൽ പോയൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. പിഎസ്ജിയെ തകർത്ത മൊണാകോ നിലവിൽ നാലാം സ്ഥാനത്താണുള്ളത്. ഈ ജയത്തോടെ മൂന്നാം സ്ഥാനത്തുള്ള പിഎസ്ജിയുമായുള്ള വ്യത്യാസം രണ്ടായി കുറക്കാൻ മൊണാകോക്ക് സാധിച്ചിരിക്കുകയാണ്.

ബാഴ്സലോണക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച കിലിയൻ എംബാപ്പെ മൊണാകോക്കെതിരെ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. സൂപ്പർ താരങ്ങളായ നെയ്മറിൻ്റെയും ഡിമരിയയുടെയും അഭാവത്തിൽ ആദ്യ ആറു മിനിട്ടിനുള്ളിൽ തന്നെ മൊണാകോ ഡിയോപ്പിലൂടെ ലക്ഷ്യം കാണുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗ്യുല്ലെർമോ ലീഡ്‌ ഉയർത്തിയതും മൊണാകോയുടെ ശക്തമായ പ്രതിരോധം പിഎസ്ജിയുടെ ആക്രമണത്തിൻ്റെ മുന ഒടിച്ചതും വിജയത്തിനു അടിത്തറ നൽകുകയായിരുന്നു.

വിജയത്തിൻ്റെ സന്തോഷം മൊണാകോ ബാഴ്സയെ ട്രോളിയാണ് ആഘോഷിച്ചത്. ട്വിറ്ററിലൂടെയാണ് മൊണാകോ ബാഴ്സയെ ഇങ്ങനെ കളിയാക്കിയത്. ” ഞങ്ങൾ പിഎസ്ജിയെ ആദ്യപാദത്തിലും രണ്ടാംപാദത്തിലും തോൽപ്പിച്ചിട്ടുണ്ട്. ബാഴ്സലോണേ നിങ്ങൾക്ക് വല്ല ഉപദേശങ്ങളും ആവശ്യമായി വരികയാണെങ്കിൽ ഞങ്ങൾക്ക് സന്ദേശമയക്കൂ.” മൊണാക്കോ ട്വിറ്ററിൽ കുറിച്ചു.

You Might Also Like