റയലിന്റെ കിരീടമോഹങ്ങൾക്ക് കനത്ത തിരിച്ചടി, സൂപ്പർതാരം പരിക്കേറ്റു പുറത്ത്

കഴിഞ്ഞ സീസണിൽ ലീഗിലും യൂറോപ്പിലും വിജയക്കൊടി പാറിച്ചെങ്കിലും ഈ സീസണിൽ അതാവർത്തിക്കാൻ റയൽ മാഡ്രിഡിന് കഴിയില്ലെന്നുറപ്പാണ്. ലീഗ് കിരീടം ബാഴ്‌സലോണ ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് മുന്നോട്ടു പോകുന്നത്. ബാഴ്‌സലോണയുമായുള്ള പതിനൊന്നു പോയിന്റിന്റെ വ്യത്യാസം മറികടക്കുക റയൽ മാഡ്രിഡിനെ സംബന്ധിച്ച് ദുഷ്‌കരമായ കാര്യമാണ്. എന്നാൽ ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റേ എന്നിവയിൽ റയൽ മാഡ്രിഡിന് കിരീടപ്രതീക്ഷയുണ്ട്.

ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിൽ എത്തിയ ടീമിന് മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. പ്രീമിയർ ലീഗ് വമ്പന്മാർക്കെതിരെയുള്ള മത്സരം ദുഷ്കരമാകുമെങ്കിലും അവരെ കടന്നു കിട്ടിയാൽ റയൽ മാഡ്രിഡിന് തുടർച്ചയായ രണ്ടാമത്തെ തവണയും കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതിനു പുറമെ കോപ്പ ഡെൽ റേയിൽ ഒസാസുനയാണ് എതിരാളിയെന്നതിനാൽ അവിടെയും റയലിന് കിരീടം സ്വന്തമാക്കാൻ കഴിയും.

ലീഗിലെ നിരാശ ഈ കിരീടങ്ങൾ സ്വന്തമാക്കി മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ നിൽക്കുന്ന റയൽ മാഡ്രിഡിന് വലിയ തിരിച്ചടി നൽകി ടീമിന്റെ മധ്യനിര താരം ലൂക്ക മോഡ്രിച്ചിന് പരിക്ക് പറ്റിയെന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറി പറ്റിയെന്ന കാര്യം പരിശീലകനായ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം കോപ്പ ഡെൽ റേ ഫൈനലും ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയും ഉൾപ്പെടെ നാല് മത്സരങ്ങൾ താരത്തിന് നഷ്‌ടമാകും.

സസ്‌പെൻഷൻ മൂലം പ്രതിരോധത്തിലെ വിശ്വസ്‌തനായ താരം എഡർ മിലീറ്റാവോയെ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് സെമിയിൽ നഷ്‌ടമാകുന്നതിനു പുറമെയാണ് മോഡ്രിച്ചിന്റെയും അഭാവം വന്നിരിക്കുന്നത്. ഇതു ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. റയൽ മാഡ്രിഡിന്റെ സമീപകാല നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള മധ്യനിരയിലെ വിവേകശാലിയായ താരമായ മോഡ്രിച്ചിന്റെ അഭാവം റയലിന്റെ കിരീടമോഹങ്ങൾക്ക് തിരിച്ചടി തന്നെയാണ്.

You Might Also Like