സമൂഹമാധ്യമങ്ങളിൽ വനിതാതാരത്തിനെതിരെ ലിംഗവിവേചനവും അധിക്ഷേപവും, തരംഗമായി അസെൻസിയോയുടെ മിസ്മ പാഷൻ ക്യാമ്പയിൻ

സോഷ്യൽ മീഡിയയിലൂടെ ഫ താരങ്ങളെ വംശീയമായും മറ്റു മോശം രീതിയിലും അധിക്ഷേപിക്കുന്ന പ്രവണത ലോകഫുട്ബോളിൽ വളരെയധികം വർധിച്ച സാഹചര്യമാണുള്ളത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് അടുത്തിടെ ഫ്രഞ്ച് ഇതിഹാസതാരം തിയറി ഹെൻറിയും അടുത്തിടെ സമൂഹമാധ്യമങ്ങളെ ബോയ്കോട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ കൂടുതൽ കരുത്ത് പകരുന്നതാണ് ലോകഫുട്ബോൾ താരങ്ങളുടെ നേതൃത്വത്തിൽ ഉയർന്നു വരുന്ന സെയിം പാഷൻ ക്യാമ്പയിൻ.

ലീഗ് മാച്ചിൽ ടീം അടിച്ച ഗോൾ ആഘോഷിക്കുന്ന റയൽ മാഡ്രിഡ്‌ വനിതാ ടീമിലെ ഗോൾകീപ്പർ മീസ റോഡ്രിഗസ്‌ തന്റെ ചിത്രം ചാമ്പ്യൻസ് ലീഗിൽ നേടിയ ഗോൾ സമാന രീതിയിൽ ആഘോഷിക്കുന്ന പുരുഷതാരം മാർക്കോ അസെൻസിയോയുടെ ചിത്രത്തിനൊപ്പം സാമൂഹ്യമാധ്യമത്തിൽ “മിസ്മ പാഷൻ” അഥവാ അതേ വികാരം എന്ന അടിക്കുറിപ്പോടെ പങ്ക് വെച്ചതിന് റയൽ ആരാധകരിൽ നിന്നടക്കം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രം പിൻവലിക്കേണ്ടി വരുകയും ചെയ്യുകയായിരുന്നു.

എന്നാൽ ഈ സൈബർ ആക്രമണത്തിനെതിരെ അസെൻസിയോ തന്നെ അതേ ചിത്രം അതേ അടിക്കുറിപ്പോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് ഈ ക്യാമ്പയിനു തുടക്കമാകുന്നത്. പിന്നീട് കസിമീറോ,മാർസെലോ, വിനിഷ്യസ് തുടങ്ങിയ പ്രമുഖ പുരുഷ താരങ്ങൾ കൂടി രംഗത്ത് വരുകയും ഒപ്പം ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡ്‌ പോലുള്ള പ്രമുഖ ടീമുകൾ കൂടി ക്യാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു.

റയൽ മാഡ്രിഡ്‌ ക്ലബിലെ താരങ്ങൾ തന്നെ ഇതുപോലൊരു നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് സമത്വത്തിന് വേണ്ടി മീസക്കൊപ്പം നിന്നത് ലോകഫുട്ബോളിന് തന്നെ അഭിമാനകരമായ കാര്യം തന്നെയാണ്. ഇനിയും ലിംഗസമത്വതിന് കായിക ലോകം വളരെയേറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നു ഈ ഒരു സംഭവം വ്യക്തമാക്കുന്നു. വംശീയ അധിക്ഷേപത്തിനെതിരെയും ഇത്തരത്തിൽ ശക്തമായ ക്യാമ്പയിനുകൾ തുടങ്ങിവെക്കാനുള്ള നീക്കമാണ് താരങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

You Might Also Like