മെസി ഒരിക്കൽ ആഴ്സണലിലെത്തേണ്ടതായിരുന്നു, വെളിപ്പെടുത്തലുമായി മെസിയുടെ മുൻ ഏജന്റ്

Image 3
FeaturedFootballLa Liga

സൂപ്പർ താരം ലയണൽ മെസിയുടെ ഏറ്റവും പ്രിയപ്പെട്ട ക്ലബ്ബാണ് ബാഴ്സലോണയെന്നതിൽ തർക്കമില്ലല്ലോ. താരത്തിന്റെ വളർച്ചക്കും നേട്ടങ്ങൾക്കും ബാഴ്‌സയുടെ പങ്ക് ചെറുതൊന്നുമല്ല. മെസ്സിയില്ലാത്ത ബാഴ്സയെ ആരാധകർക്ക് സങ്കൽപ്പിക്കാനേ സാധിക്കില്ല. എന്നാൽ ആ സാഹചര്യമാണ് ഇത്തവണ സംഭവിച്ചത്. മെസി ബാഴ്സ വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറും എന്ന ശക്തമായ അഭ്യൂഹങ്ങൾ ഈ ട്രാൻസ്ഫർ ജാലകത്തിൽ സജീവമായിരുന്നു. എന്നാൽ ഭയപ്പെട്ടത് പോലെ സംഭവിച്ചില്ല.

എന്നാൽ മെസി ബാഴ്‌സയിൽ നിന്നും ഒരിക്കൽ ആഴ്‌സണലിൽ എത്തേണ്ടതായിരുന്നു എന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. മെസി സമ്മതം മൂളിയിരുന്നുവെങ്കിൽ ആഴ്സണലിൽ എത്തിയേനെ എന്നാണ് താരത്തിന്റെ മുൻ ഏജന്റ് ആയ ഫാബിയാൻ സോൾഡിനി വെളിപ്പെടുത്തിയിരിക്കുന്നത്. 2003-ലായിരുന്നു ഇത്തരത്തിലൊരു സംഭവം അരങ്ങേറുന്നത്.

ബാഴ്സ അക്കാദമിയിൽ കളിക്കുന്ന മെസിയെയും സെസ്ക് ഫാബ്രിഗസിനേയും ഒരുമിച്ച് എത്തിക്കാനായിരുന്നു ആഴ്‌സണലിന്റെ നോട്ടമിട്ടിരുന്നത്.ഇരുവരെയും ക്ലബ്ബിൽ ചേരാൻ ആഴ്‌സണൽ അധികൃതർ പ്രലോഭിപ്പിച്ചിരുന്നു. തുടർന്ന് സൂപ്പർ താരമായ ഫാബ്രിഗസ് ആഴ്‌സണലിലേക്ക് ചേക്കേറാൻ തീരുമാനിക്കുകയായിരുന്നു. മെസിയെയും ആഴ്‌സണൽ അധികൃതർ ക്ഷണിച്ചിരുന്നു. എന്നാൽ മെസിയത് നിരസിക്കുകയും ബാഴ്സയിൽ തുടരാനാണ് താല്പര്യമെന്ന് അറിയിക്കുകയായിരുന്നു.

“ആഴ്‌സണലിലേക്ക് പോവാൻ മെസ്സി പ്രലോഭിക്കപ്പെട്ടിരുന്നു. പക്ഷെ അദ്ദേഹം ബാഴ്സ വിട്ടില്ല. പക്ഷെ സെസ്ക് ഫാബ്രിഗസ് ബാഴ്സ വിടാൻ അനുവാദം ചോദിച്ച ആ ദിവസത്തെ ഞാനോർക്കുന്നു. മെസിക്കും അന്ന് വേണമെങ്കിൽ ക്ലബ്ബിനോട് അനുവാദം ചോദിച്ച് ബാഴ്സ വിടാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചു.” ഫാബിയാൻ സോൾഡിനി വെളിപ്പെടുത്തി. 2003 മുതൽ 2011 വരെ ആഴ്‌സണലിൽ കളിച്ച ഫാബ്രിഗസ് പിന്നീട് ബാഴ്സയിലേക്കു തന്നെ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് 2014 വരെ താരം ബാഴ്സയിൽ തുടർന്നു.