നേട്ടങ്ങളും കോട്ടങ്ങളും ഇങ്ങനെ, ലാലിഗ അവസാനിച്ചപ്പോൾ ബാക്കിയാകുന്നത് !

കൊറോണ പ്രതിസന്ധി മൂലം ലാലിഗ ഉപേക്ഷിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും ജൂണിൽ മത്സരം പുനരാരംഭിച്ചു. റയൽ മാഡ്രിഡിന്റെ അവസാന മത്സരത്തോടു കൂടി ലാലിഗ 2019-20 സീസൺ ഭംഗിയായി പരിസമാപ്തിയും കുറിച്ചു.

ലെഗാനെസുമായുള്ള മത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും റയൽ മാഡ്രിഡ്‌ മുമ്പേ തന്നെ ചാമ്പ്യന്മാരായി അവരോധിക്കപ്പെട്ടിരുന്നു. ലാലിഗയിൽ നിന്നും ചാമ്പ്യന്മാരായ റയൽ മാഡ്രിഡ്‌, ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ്‌, സെവിയ്യ എന്നിവരാണ് അടുത്ത ചാമ്പ്യൻസ് ലീഗ് സീസണിലേക്കുള്ള യോഗ്യത നേടിയത്.

അതേ സമയം ഇവർക്ക് പിറകിലായി ഫിനിഷ് ചെയ്ത വിയ്യാറയൽ, റയൽ സോസിഡാഡ്, ഗ്രനാഡ എന്നിവർക്ക് യൂറോപ്പ ലീഗ് യോഗ്യതയും ലഭിച്ചു.എന്നാൽ റയൽ മയ്യോർക്ക, എസ്പാനോൾ, ലെഗാനസ് എന്നിവർ സെക്കന്റ്‌ ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.

ഈ സീസണിലെ ടോപ്സ്കോറർക്ക് നൽകുന്ന പിച്ചിച്ചി അവാർഡ് തുടർച്ചയായി മൂന്നാം തവണയും ലയണൽ മെസി തന്നെ നേടി. അവസാന മത്സരത്തിലെ രണ്ടുഗോളുകളോടെ 25 ഗോളുകൾ അടിച്ചു കൂട്ടിയാണ് മെസി ലീഗിലെ മികച്ച ഗോൾവേട്ടക്കാരനായത്. 21 ഗോളുകൾ നേടിയ ബെൻസിമ രണ്ടാമത് എത്തി.

ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള സമോര ട്രോഫി റയൽ കീപ്പർ കോർട്ടുവ നേടി. റയൽ മാഡ്രിഡിനൊപ്പവും അത്ലറ്റികോ മാഡ്രിഡിനൊപ്പവും ഈ ട്രോഫി നേടുന്ന ആദ്യ താരവും കോർട്ടുവ തന്നെ. യാൻ ഒബ്ലക്, ഉനൈ സിമോൺ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഏറ്റവും മികച്ച പരിശീലകനുള്ള മിഗെൽ മുനോസ് പുരസ്‌കാരം സിദാനും ലോപെറ്റെഗിയും പങ്കിട്ടെടുത്തു. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന സ്പാനിഷ് താരത്തിന് നൽകുന്ന സാറ ട്രോഫി വിയ്യാറയൽ താരം ജെറാർഡ് മൊറെനോക്ക് ലഭിച്ചു. 18 ഗോളുകളാണ് താരം ലീഗിൽ നേടിയത്. 15 ഗോളുകൾ നേടിയ റൗൾ ഗാർഷ്യ, 14 ഗോളുകൾ നേടിയ ഇയാഗോ ആസ്പാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു.

You Might Also Like