ഫിഫ ബെസ്റ്റ് നഷ്ടപ്പെട്ടെങ്കിലും ഇത്തവണത്തെ സമാധാനത്തിനുള്ള പീസ് ആൻഡ് സ്‌പോർട് പുരസ്‌കാരം ലയണൽ മെസിക്ക്

ഇത്തവണത്തെ ഫിഫ ബെസ്റ്റ് പുരസ്‌കാരം മെസിയെയും ക്രിസ്ത്യാനോയേയും പിന്തള്ളി റോബർട്ട്‌ ലെവൻഡോവ്സ്‌കി സ്വന്തമാക്കിയെങ്കിലും ബാഴ്സ സൂപ്പർതാരം ലയണൽ മെസിക്ക് മറ്റൊരു പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ്. ലോകസമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ പീസ് ആൻഡ് സ്‌പോർടിന്റെ ഇത്തവണത്തെ ചാമ്പ്യൻ ഫോർ പീസ് പുരസ്കാരമാണ് ലയണൽ മെസിയെ തേടിയെത്തിയിരിക്കുന്നത്.

ഫുട്ബോൾ ലോകത്തെ മികച്ച താരങ്ങളിലൊരാളായ ലയണൽ മെസി ഫുട്ബോളിനപ്പുറം സാമൂഹികപ്രതിബദ്ധതയോടെ ചെയുന്ന സാമൂഹികസേവനങ്ങൾ കണക്കിലെടുത്താണ് ഇത്തവണത്തെ ചാമ്പ്യൻ ഫോർ പീസ് പുരസ്‌കാരം ലയണൽ മെസിക്ക് നൽകാൻ തീരുമാനിച്ചത്. ഈ അവാർഡ് നൽകിയതിൽ സോഷ്യൽ മീഡിയയിലൂടെ മെസി നന്ദി അറിയിക്കുകയും ചെയ്തു.

“2020ലെ ചാമ്പ്യൻസ് ഫോർ പീസ് അവാർഡ് നൽകിയതിൽ എനിക്കു വളരെയധികം അഭിമാനം തോന്നുന്നു. ഒരു ഫെയർ പ്ലേയർ എന്ന നിലയിലും എന്റെ സാമൂഹികപ്രതിബദ്ധതക്കും ലഭിച്ച ഒരു മികച്ച അംഗീകാരമായി ഞാൻ ഇതിനെ കണക്കാക്കുന്നു. ഈ ബഹുമതിക്ക് ഞാൻ പീസ് ആൻഡ് സ്പോർട്ടിനു എന്റെ നന്ദി അറിയിക്കുകയാണ്.” മെസി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആഫ്രിക്കൻ രാജ്യങ്ങളിലെ കുട്ടികളിൽ കാണുന്ന പോഷണക്കുറവു ഇല്ലാതാക്കി മികച്ച വിദ്യാഭ്യാസം നൽകാൻ മെസി ഫൌണ്ടേഷൻ മുഖേന വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്താൻ മെസിയുടെ ഭാഗത്തു നിന്നും സഹായം ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് മെസിക്ക് ഈ അവാർഡ് നൽകാൻ പീസ് ആൻഡ് സ്‌പോർട് അധികൃതർ തീരുമാനമെടുത്തത്.

You Might Also Like