ലയണൽ മെസി തിരിച്ചെത്തും, ആരാധകർക്ക് ഉറപ്പ് നൽകി ബാഴ്‌സലോണ പ്രസിഡന്റ്

ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയുണ്ടെന്ന് നിരവധി റിപ്പോർട്ടുകൾ ഫുട്ബോൾ ലോകത്തുണ്ട്. ബാഴ്‌സലോണ വൈസ് പ്രസിഡന്റ്, ബാഴ്‌സലോണ പരിശീലകൻ സാവി എന്നിവർ ഈ പ്രതീക്ഷകൾ ആളിക്കത്തിക്കുന്ന രീതിയിലുള്ള പ്രതികരണം സമീപ കാലത്ത് നടത്തുകയും ചെയ്‌തിരുന്നു. മെസിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം നൽകുന്നതായിരുന്നു അവരുടെ പ്രതികരണങ്ങൾ.

പിഎസ്‌ജി കരാർ അവസാനിച്ചതാണ് ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരാനുള്ള സാധ്യത തുറന്നത്. കരാർ പുതുക്കാൻ ഫ്രഞ്ച് ക്ലബ് ശ്രമം നടത്തുന്നുണ്ടെങ്കിലും ലയണൽ മെസിക്കതിൽ താത്പര്യമില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് ശേഷം ഫ്രഞ്ച് ക്ലബിന്റെ ആരാധകർ തനിക്കെതിരെ തിരിഞ്ഞതാണു ലയണൽ മെസിയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകാൻ കാരണം.

അതിനിടയിൽ മെസിയുടെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്ന പ്രതികരണം ബാഴ്‌സലോണ പ്രസിഡന്റ് നടത്തുകയുണ്ടായി. കഴിഞ്ഞ ദിവസം ഗെറ്റാഫെക്കെതിരെ നടന്ന മത്സരത്തിന് ശേഷം സ്റ്റേഡിയത്തിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ മെസി തിരിച്ചു വരുമോയെന്ന ചോദ്യത്തിന് ‘വരും’ എന്നാണു ബാഴ്‌സലോണ പ്രസിഡന്റ് മറുപടി നൽകിയത്.

ബാഴ്‌സലോണ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നത് ലയണൽ മെസിയെ തിരിച്ചെത്തിക്കുന്നതിൽ തടസ്സമാകുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ അതിനെ മറികടന്നുള്ള പ്രവർത്തനങ്ങൾ ബാഴ്‌സലോണ ആരംഭിച്ചുവെന്നു തന്നെയാണ് ലപോർട്ടയുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. എന്തായാലും മെസിയുടെ തിരിച്ചുവരവ് സംഭവിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കാൻ കഴിയുന്നത്.

You Might Also Like