പണമല്ല പ്രധാനമെന്ന് വീണ്ടും തെളിയിച്ച് ലയണൽ മെസി, ബാഴ്‌സലോണ നൽകുന്ന കരാർ വിവരങ്ങൾ പുറത്ത്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ വളരെയധികം വർധിച്ചു കൊണ്ടിരിക്കുകയാണ്. പിഎസ്‌ജിയുമായി താരം കരാർ പുതുക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും ലോകകപ്പിന് ശേഷം അതിൽ മാറ്റം വന്നു. ഫ്രാൻസിലെ കീഴടക്കി അർജന്റീന കിരീടം നേടിയതിനു ശേഷം ഫ്രഞ്ച് ആരാധകർ തനിക്കെതിരെ തിരിഞ്ഞത് ലയണൽ മെസി കരാർ പുതുക്കാതിരിക്കാൻ പ്രധാനപ്പെട്ട കാരണമായി.

ലയണൽ മെസിയെ ഫ്രീ ഏജന്റായി സ്വന്തമാക്കാനുള്ള നീക്കങ്ങൾ നടത്തുകയാണ് ബാഴ്‌സലോണയിപ്പോൾ. താരത്തിനു നൽകേണ്ട കരാർ ബാഴ്‌സലോണ തയ്യാറാക്കിയെന്നാണ് സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പറയുന്നത്. സൂചനകൾ പ്രകാരം രണ്ടു വർഷത്തെ കരാറാണ് ലയണൽ മെസിക്ക് നൽകിയിരിക്കുന്നത്. താരത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും സ്പോർട്ട് പുറത്തു വിട്ടിട്ടുണ്ട്.

ഒരു സീസണിൽ ഇരുപത്തിയഞ്ചു മില്യൺ യൂറോയെന്ന കുറഞ്ഞ പ്രതിഫലമാണ് ലയണൽ മെസിക്ക് ബാഴ്‌സലോണ നൽകാനൊരുങ്ങുന്നത്. മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുന്നതിനു തൊട്ടു മുമ്പുണ്ടായിരുന്ന കരാർ പ്രകാരമുള്ള പ്രതിഫലത്തിന്റെ നാലിലൊന്നാണ് ഇപ്പോൾ ബാഴ്‌സലോണ നൽകുന്നത്. എന്നാൽ പണത്തേക്കാൾ ബാഴ്‌സയിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിക്കുന്ന ലയണൽ മെസിക്ക് ഇതിനു പൂർണമായ സമ്മതമുണ്ട്.

സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബാഴ്‌സലോണ ലയണൽ മെസിയെ കൈവിടുന്നത്. ആ പ്രതിസന്ധി ഇപ്പോഴും ക്ലബിലുണ്ടെന്നതു കൊണ്ടാണ് ഇത്രയും കുറഞ്ഞ തുക മെസിക്ക് പ്രതിഫലമായി നൽകുന്നത്. ഇതിനു പുറമെ ക്ലബിന്റെ വേതനബില്ലിൽ പല തരത്തിലുള്ള മാറ്റങ്ങൾ വരുത്തുക കൂടി ചെയ്‌താലേ ലയണൽ മെസി ബാഴ്‌സലോണ താരമായി അടുത്ത സീസണിൽ കളിക്കുകയുള്ളൂ.

നേരത്തെ ലാ ലിഗ ബാഴ്‌സലോണക്ക് എതിരായിരുന്നു. എന്നാലിപ്പോൾ ലാ ലിഗ നേതൃത്വത്തിന്റെ നിലപാടുകൾ അയഞ്ഞിട്ടുണ്ട്. കൃത്യമായി പ്രവൃത്തിച്ചാൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് അവർ പറയുന്നത്. അതുകൊണ്ടു തന്നെ ആരാധകർ വളരെ വലിയ പ്രതീക്ഷയിലാണുള്ളത്.

You Might Also Like