പെലെയുടെ റെക്കോർഡ് തകർത്ത ഗോൾ നേടിയ ബൂട്ട് ലേലത്തിനു വെക്കാനൊരുങ്ങി മെസി, തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്

Image 3
FeaturedFootballLa Liga

കഴിഞ്ഞ ഡിസംബറിലാണ് ഫുട്ബോൾ ഇതിഹാസം പെലെയുടെ ഒരു ക്ലബ്ബിനു വേണ്ടി 643 ഗോളുകളെന്ന റെക്കോർഡ് സൂപ്പർതാരം ലയണൽ മെസി മറികടന്നത് 46 വർഷം മുൻപത്തെ ഈ റെക്കോർഡ് മറികടന്നതിനു ശേഷം 644ആം ഗോൾ നേടിയ അഡിഡാസ് ബൂട്ട് കാറ്റാലൻ ആർട്ട്‌ മ്യൂസിയത്തിനു ദാനം ചെയ്തിരിക്കുകയാണ്.

ഈ മാസം അവസാനം വരെ അത് പ്രദർശനത്തിനു വെക്കാനാണ് പദ്ധതി.
എന്നാൽ അതിനു ശേഷം ഏപ്രിലിൽ നടക്കുന്ന ലേലത്തിൽ വിറ്റു കിട്ടുന്ന തുക ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നൽകാനാണ് മെസിയുടെ തീരുമാനം. ഒപ്പം പ്രദർശനത്തിന് വെച്ചിരിക്കുന്ന ആർട്ട്‌ മ്യൂസിയത്തിന്റെ പുരോഗതിക്കും അതിൽ നിന്നും സംഭാവന നൽകിയേക്കും.

അർബുദം ബാധിച്ച കുട്ടികളുടെ ആരോഗ്യം നിലനിർത്താൻ അവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായമായാണ് ഈ തുക വിനിയോഗിക്കുക. ഇതിനു മുൻപും മെസി ഫൌണ്ടേഷൻ മുഖേന ദുരിതമനുഭവിക്കുന്ന കുരുന്നുകൾക്ക് ലയണൽ മെസി സഹായമെത്തിച്ചിരുന്നു. ബൂട്ട് വിറ്റു കിട്ടുന്ന തുക സംഭാവന നൽകുകയാണെന്നു മെസി തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

” ഒരു ക്ലബ്ബിനു വേണ്ടി 644 ഗോളുകളെന്ന ചരിത്രപരമായ നാഴികക്കല്ല് മറികടന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് ആരോഗ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന കുരുന്നുകൾക്ക് കൈത്താങ്ങാവുകയെന്നത് മാത്രമാണ്. ലേലം ഏപ്രിലിൽ ആണ് നടക്കുന്നതെന്നത് ഈ ഉദ്യമത്തിന്റെ പ്രാധാന്യത്തേക്കുറിച്ചുള്ള അവബോധമുണ്ടാക്കാൻ സഹായിക്കും” മെസി പറഞ്ഞു.