മെസിയും റൊണാൾഡോയും യുവന്റസിൽ ഒരുമിക്കുമെന്ന് ബാഴ്സ ഇതിഹാസം

Image 3
FeaturedFootball

ബാഴ്സലോണ ബോർഡുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ടീം വിടുമെന്ന് അഭ്യൂഹമുള്ള മെസി റൊണാൾഡോക്കൊപ്പം യുവന്റസിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ബാഴ്സലോണയുടെ ഇതിഹാസതാരം റിവാൾഡോ. മെസിയെയും റൊണാൾഡോയേയും ഒരുമിച്ചു കളിപ്പിക്കുന്ന കാര്യം പലരും ആലോചിച്ചു തുടങ്ങിയിട്ടുണ്ടാകുമെന്നും അതു സംഭവിച്ചാൽ അസാധാരണ സംഭവമാകുമെന്നും റിവാൾഡോ പറഞ്ഞു.

“മെസിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയരുമ്പോൾ പല ഏജന്റുമാരും മെസിയേയും റൊണാൾഡോയേയും ഒരുമിച്ചു കളിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടുണ്ടാകും. അതു നടന്നാൽ ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കുന്ന സംഭവമായിരിക്കും.”

“യുവന്റസിനു മെസിയെ വാങ്ങാനുള്ള മൂലധനം എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. അത്രയധികം മാർക്കറ്റ് ഇവിടെയുണ്ട്. എല്ലാ ക്ലബുകളും അക്കാര്യം ആലോചിക്കുന്നുണ്ടാകും. എന്നാൽ പത്തു വർഷത്തിലധികമായി ഫുട്ബോൾ ലോകത്തെ അടക്കി ഭരിക്കുന്ന രണ്ടു താരങ്ങൾ ഒരുമിച്ചാൽ അതൊരു ചരിത്രം തന്നെയായിരിക്കും.” ബെറ്റ്ഫെയറിനോട് റിവാൾഡോ പറഞ്ഞു.

മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കു ചേക്കേറാനുള്ള സാധ്യതയുണ്ടെന്നും റിവാൾഡോ പറഞ്ഞു. ബാഴ്സ വിടുകയാണെങ്കിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ച ഗാർഡിയോളക്കൊപ്പം പ്രവർത്തിക്കാൻ മെസി ഇഷ്ടപ്പെടുമെന്നാണ് അദ്ദേഹം പറയുന്നത്.