പ്രിയസുഹൃത്തിനെ പിരിയാൻ മടി, സുവാരസിനെ നിലനിർത്താൻ മെസി ശ്രമിച്ചേക്കും

Image 3
FeaturedFootballLa Liga

ബാഴ്സലോണയുടെ സൂപ്പർ താരം ലൂയിസ് സുവാരസ് വരുന്ന സീസണിലേക്ക് കൂമാന്റെ പദ്ധതിയിൽ ഇടം ലഭിക്കാതിരുന്ന താരമായിരുന്നു. താരത്തോട് ക്ലബ് വിടാൻ ബാഴ്സ നിർദേശിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തോട് പൊരുത്തപ്പെട്ടുകൊണ്ട് ബാഴ്സയും പരിശീലകൻ റൊണാൾഡ് കൂമാനും നിലപാടുകൾ മാറ്റാനൊരുങ്ങുകയാണ്. സുവാരസ് ബാഴ്‌സയിൽ തന്നെ തുടർന്നാൽ അദ്ദേഹത്തെ കളിപ്പിക്കാൻ തയ്യാറാവുമെന്നും അദ്ദേഹവും ടീമിന്റെ ഭാഗമായിരിക്കുമെന്നാണ് കൂമാൻ വ്യക്തമാക്കിയത്.

കൂടാത ട്രാൻസ്ഫറിനായി ഇറ്റാലിയൻ പാസ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം തയുവന്റസിലേക്കുള്ള നീക്കം സുവാരസ് ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോഴിതാ സൂപ്പർ താരം ലയണൽ മെസ്സി താരത്തിന്റെ കാര്യത്തിൽ ഇടപ്പെട്ടിരിക്കുകയാണ്. സുവാരസിനെ ബാഴ്‌സയിൽ തുടരാൻ മെസി പ്രേരിപ്പിക്കുന്നുവെന്നാണ് സ്പാനിഷ് മാധ്യമമായ എഎസ് റിപ്പോർട്ട്‌ ചെയ്യുന്നത്.

മെസിയുടെ ഏറ്റവുമടുത്ത സുഹൃത്താണ് സുവാരസ്. ബാഴ്സ സുവാരസിനോട് പെരുമാറിയ രീതി മെസിയെ അസന്തുഷ്ടനാക്കിയിരുന്നു. യുവന്റസിലേക്കുള്ള നീക്കം ഉപേക്ഷിച്ചതോടെ അത്ലറ്റിക്കോ മാഡ്രിഡ്‌, പിഎസ്ജി എന്നിവർ താരത്തിനു പിന്നാലെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മെസിയുടെ താല്പര്യം സുവാരസ് ഈ സീസണിൽ കൂടി ബാഴ്സയിൽ തുടരണമെന്നാണ്. സുവാരസിനെ പറഞ്ഞു ബോധ്യപ്പെടുത്തി ബാഴ്സയിൽ തുടരാൻ മെസി പ്രേരിപ്പിച്ചേക്കും.

ഈ കഴിഞ്ഞ സീസണിൽ ബാഴ്സക്ക് വേണ്ടി 21 ഗോളുകൾ സുവാരസ് നേടിയിരുന്നു. പരിക്കു മാറ്റിനിർത്തിയാൽ ഭേദപ്പെട്ട പ്രകടനം തന്നെയാണ് സുവാരസിന്റേത്. ലൗറ്ററോ മാർട്ടിനെസിനെയും മെംഫിസ് ഡീപെയെയും ലഭ്യമാവാത്ത ഈ സാഹചര്യത്തിൽ സുവാരസിനെ നിലനിർത്തുകയെന്നതാണ് ബാഴ്സക്ക് മുന്നിലുള്ള വഴി. 2014-ൽ ലിവർപൂളിൽ നിന്നും എത്തിയ സുവാരസ് 283 മത്സരങ്ങളിൽ നിന്ന് 197 ഗോളുകൾ ഇതുവരെ ബാഴ്സക്കായി നേടിയിട്ടുണ്ട്.