സഹതാരത്തേക്കാള്‍ മെസിയ്ക്ക് താല്‍പര്യം നെയ്മറെ, ബാഴ്‌സ ധര്‍മ്മ സങ്കടത്തില്‍

ഇന്റര്‍ മിലാന്റെ അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ലൗടാരോ മാര്‍ട്ടിനസിനെ സ്വന്തമാക്കാനുളള ശ്രമത്തിലാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ. എന്നാല്‍ മാര്‍ട്ടിനസിനേക്കാള്‍ മെസിയ്ക്ക് താല്‍പര്യം ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറെ പിഎസ്എജിയില്‍ നിന്നും സ്വന്തമാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഒരു കാലത്ത് ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയായിരുന്ന എംഎസ്എന്‍ ത്രയത്തെ ബാഴ്‌സലോണയില്‍ തിരിച്ചു കൊണ്ടുവരാനാണ് മെസിക്കു താല്‍പര്യമെന്ന് സ്പാനിഷ് മാധ്യമമായ കദേന എസ്ഇആര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘നെയ്മറെ വേണോ ലൗടാരോ മാര്‍ട്ടിനസിനെ വേണോ എന്നാരെങ്കിലും മെസിയോട് ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും അദ്ദേഹം നെയ്മറെ തന്നെയായിരിക്കും തിരഞ്ഞെടുക്കുക.’ മെസിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

2013 മുതല്‍ 2017 വരെ ബാഴ്‌സലോണയില്‍ കളിച്ച നെയ്മര്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസി, സുവാരസ് എന്നിവര്‍ക്കൊപ്പം പുറത്തെടുത്തത്. 105 ഗോളുകള്‍ താരം ബാഴ്‌സക്കു വേണ്ടി നേടിയിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ലോകറെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ താരം പിഎസ്ജിയിലേക്കു ചേക്കേറുന്നത്. എന്നാല്‍ പിഎസ്ജിയില്‍ തൃപ്തനല്ലാത്ത താരം കഴിഞ്ഞ കുറച്ചു കാലമായി ടീം വിടണമെന്ന താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ സീസണു ശേഷം താരം ബാഴ്‌സയിലേക്കു ചേക്കേറുമെന്ന ശക്തമായ റിപ്പോര്‍ട്ടുകളുമുണ്ട്.

You Might Also Like