അതെല്ലാം കെട്ടുകഥകളെന്ന് മെസി, ബാഴ്‌സലോണ ആരാധകരുടെ പ്രതീക്ഷകൾ മങ്ങുന്നു

ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ ലോകത്ത് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. ഖത്തർ ലോകകപ്പിന് ശേഷം പിഎസ്‌ജി കരാർ പുതുക്കുമെന്നു പ്രതീക്ഷിച്ച മെസി ഇതുവരെ അതിനു തയ്യാറായിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകലിനു പിന്നാലെ ഫ്രഞ്ച് ക്ലബിന്റെ ആരാധകർ തനിക്കെതിരെ തിരിഞ്ഞത് ലയണൽ മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

ലയണൽ മെസിയുടെ തിരിച്ചു വരവിനു സാധ്യതയുണ്ടെന്ന രീതിയിലാണ് ബാഴ്‌സലോണ വൈസ് പ്രസിഡന്റ്, ക്ലബിന്റെ പരിശീലകൻ സാവി എന്നിവർ പ്രതികരിച്ചത്. മെസിയെ തിരിച്ചു കൊണ്ടു വരാനുള്ള നീക്കങ്ങൾ നടക്കുന്നതായി ഇരുവരും പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാവി മെസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

എന്നാൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ മെസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ കാറ്റലൻ മാധ്യമം ബന്ധപ്പെട്ടപ്പോൾ ബാഴ്‌സലോണ ആരാധകർക്ക് നിരാശ നൽകുന്ന പ്രതികരണമാണ് ലഭിച്ചത്. ലയണൽ മെസിയും സാവിയും തമ്മിൽ മികച്ച ബന്ധം നിലനിൽക്കുന്നുണ്ടെങ്കിലും മെസിയുടെ ഭാവിയുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും അവർ നടത്താറില്ലെന്നാണ് സ്പോർട്ടിനോട് മെസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയത്.

ബാഴ്‌സലോണ ആരാധകരെ സംബന്ധിച്ച് വളരെയധികം നിരാശ നൽകുന്ന വാർത്തയാണിതെങ്കിലും മെസി തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അവർ നിൽക്കുന്നത്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയതിനു ശേഷം മെസി ഒട്ടും സംതൃപ്‌തി ഇല്ലാതെയാണ് കളിക്കുന്നത്. പിഎസ്‌ജിയിൽ നിന്നും മെസി പുറത്തു വന്നാൽ താരത്തിന്റെ ക്ലബ് തലത്തിലുള്ള പ്രകടനം കൂടുതൽ മികച്ചതാകുമെന്ന് മെസി ആരാധകരും പ്രതീക്ഷിക്കുന്നു.

You Might Also Like