; )
ഫെറെൻക്വാരോസുമായി നടന്ന ചാമ്പ്യൻസ്‌ലീഗ് മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ സ്വന്തം തട്ടകത്തിൽ വിജയം നേടിയത്. പതിനേഴു വയസുള്ള അൻസു ഫാറ്റിക്കും പെഡ്രിക്കുമൊപ്പം ലയണൽ മെസിയും കൂട്ടീഞ്ഞോയും ഉസ്മാൻ ഡെമ്പെലെയും ബാഴ്സക്കായി വലകുലുക്കി. എന്നാൽ മത്സരത്തിൽ റെഡ് കാർഡ് കിട്ടി പുറത്തായ ജെറാർഡ് പിക്കെ യുവന്റസിനെതിരായുള്ള മത്സരത്തിലുണ്ടാവില്ലെന്നത് ബാഴ്സക്ക് തിരിച്ചടിയായിരിക്കുകയാണ്.
എന്നാൽ മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തിയതോടെ ചാമ്പ്യൻസ് ലീഗിൽ മറ്റൊരു റെക്കോർഡിനുടമയായിരിക്കുകയാണ് ലയണൽ മെസി. ചാമ്പ്യൻസ്‌ലീഗിൽ വ്യത്യസ്ത ടീമുകൾക്കെതിരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന തന്റെ തന്നെ റെക്കോർഡാണ് മെസി ഹംഗേറിയൻ ക്ലബ്ബായ ഫെറെൻക്വാരോസിനെതിരെ നേടിയ ഗോളിലൂടെ മറികടന്നിരിക്കുന്നത്.
And the legend grows … https://t.co/mfuDbOkWyb
— FC Barcelona (@FCBarcelona) October 21, 2020
ഇതോടെ 36 വ്യത്യസ്ത ടീമുകൾക്കെതിരെ ചാമ്പ്യൻസ്‌ലീഗിൽ ഗോൾനേടാൻ മെസിക്ക് സാധിച്ചു. ഇതുവരെ 41 വ്യത്യസ്ത ടീമുകൾക്കെതിരെ കളിച്ചിട്ടുണ്ടെങ്കിലും റൂബിൻ കസാൻ, അത്ലറ്റിക്കോ മാഡ്രിഡ്, ബെൻഫിക്ക, ഉഡിനീസേ, ഇന്റർ മിലാൻ എന്നീ ക്ലബ്ബുകൾക്കെതിരെ മാത്രമാണ് ചാമ്പ്യൻസ്‌ലീഗിൽ മെസിക്ക് വല ചലിപ്പിക്കാനാവാതെ പോയത്.
മെസിക്കു താഴെ ക്രിസ്ത്യാനോ റൊണാൾഡോയും റൗൾ ഗോൻസലാസും 33 ഗോളുകളുമായി രണ്ടാം സ്ഥാനത്തുള്ളത്. 29 ഗോളുകളുമായി കരിം ബെൻസിമയും സ്ലാട്ടൻ ഇബ്രാഹിമോവിച്ചുമാണ് മൂന്നാം സ്ഥാനതായി പട്ടികയിലുള്ളത്. ഹംഗേറിയൻ ക്ലബിനെതിരെ ഗോൾ നേടിയതോടെ പതിനാറു രാജ്യങ്ങളിലെ ക്ലബ്ബുകൾക്കെതിരെ ഗോൾവലചലിപ്പിക്കാൻ മെസിക്ക് സാധിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് ക്ലബ്ബുകളാണ് മെസിയുടെ പ്രധാന ഇരകൾ. 26 ഗോളുകളോളം ഇംഗ്ലണ്ട് ക്ലബ്ബുകൾക്കെതിരെ മാത്രമായി മെസി അടിച്ചുകൂട്ടിയിട്ടുണ്ട്.