ബ്ലാസ്റ്റേഴ്സ് മുന്‍ താരം ബി.ജെ.പിയില്‍ ചേർന്നു

ബ്ലാസ്റ്റേഴ്സ് മുന്‍ താരം മെഹ്താബ് ഹുസൈന്‍ ബി.ജെ.പിയില്‍ ചേർന്നു. ബംഗാളില്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മെഹ്താബ് ബിജെപിയിൽ ചേരുന്നത്.
2005 മുതല്‍ 2015 വരെയായിരുന്നു മെഹ്താബ് ഇന്ത്യക്ക് വേണ്ടി പന്ത് തട്ടിയിരുന്നത്. രണ്ട് ഗോളുകളും ഇന്ത്യക്കായി നേടി. ഈസ്റ്റ് ബംഗാളിനായി 91 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2 ഗോളുകളും നേടി. 2014 മുതല്‍ 2016വരെ വായ്പാ അടിസ്ഥാനത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്.
ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ശക്തിയില്ലാതെ സാധാരണക്കാരെ സഹായിക്കുക ബുദ്ധിമുട്ടാണെന്ന് മെഹ്താബ് ഹുസൈന്‍ ഇന്ത്യടുഡെയോട് പറയുന്നു. ഞാൻ ബി.ജെ.പിയില്‍ ചേർന്നിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ, കുട്ടിക്കാലം മുതൽക്കെ ആളുകളെ സഹായിക്കാൻ ശ്രമിച്ചിരുന്നു, കുറച്ച് രാഷ്ട്രീയ അധികാരം കൂടിയുണ്ടെങ്കില്‍ ആളുകളെ കൂടുതൽ സഹായിക്കാൻ കഴിയുമെന്നും മെഹ്താബ് പറയുന്നു. ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് വിളിച്ചിരുന്നുവെന്നും അങ്ങനെയാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനത്തിലെത്തിയതെന്നും മെഹ്താബ് കൂട്ടിച്ചേര്‍ത്തു.
ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ജാംഷഡ്പൂര്‍ എഫ്‌സിക്ക് വേണ്ടിയും താരം പന്ത് തട്ടിയിട്ടുണ്ട്. അടുത്തവര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൊതു സ്വീകാര്യതയുള്ള പ്രമുഖരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം .