കിലിയൻ എംബാപ്പെക്കും കോവിഡ്, കോവിഡ് സ്ഥിരീകരിച്ച പിഎസ്‌ജിയുടെ ഏഴാമത്തെ സൂപ്പർതാരം

Image 3
FeaturedFootballNations League

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെക്കും കോവിഡ് സ്ഥിരീകരിച്ചതായി ഫ്രഞ്ച് ഫുട്ബോൾ അധികൃതർ അറിയിച്ചിരിക്കുകയാണ്. യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായി ഫ്രാൻസിനൊപ്പമായിരുന്നു എംബാപ്പെ. മത്സരങ്ങൾക്കായി യുവേഫ നടത്തിയ പരിശോധനകൾക്കു ശേഷമാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി അറിയിച്ചത്.

സ്ഥിരീകരണം വന്നതിനെ തുടർന്ന് താരം പരിശീലനം അവസാനിപ്പിക്കുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ന് നടക്കുന്ന ക്രോയേഷ്യക്കെതിരെയുള്ള മത്സരം ഇതോടെ താരത്തിന് നഷ്ടമാവും. ഫ്രഞ്ച് ഫുട്ബോൾ അധികൃതർ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് താരത്തിന് കോവിഡ് ഉള്ളതായി സ്ഥിരീകരിച്ചത്. എന്നാൽ ഇക്കാര്യം എംബാപ്പെയുടെ ക്ലബ് ആയ പിഎസ്ജിയെ അറിയിക്കാത്തത് വലിയ തോതിലുള്ള അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ ഫ്രഞ്ച് അധികൃതർക്കെതിരെ ശക്തമായ ഭാഷയിൽ വിമർശനം അറിയിചിച്ചിട്ടുണ്ട്. തങ്ങളുടെ താരത്തിന് കോവിഡ് സ്ഥിരീകരിച്ചത് അറിയിച്ചില്ലെന്നും മാധ്യമങ്ങളിലൂടെയാണ് തങ്ങൾ അറിഞ്ഞതെന്നുമാണ് അദ്ദേഹം ആരോപിച്ചു. താരത്തിന് പിഎസ്ജിയുടെ മത്സരങ്ങളും നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ.

സെപ്റ്റംബർ പത്തിന് ലെൻസിനെതിരായ മത്സരവും സെപ്റ്റംബർ പതിമൂന്നിന് മാഴ്സെക്കെതിരായ മത്സരവും എംബാപ്പെക്ക് നഷ്ടമായേക്കും. ടെലിഫൂട്ട് ആണ് ഈ വിവരം പുറത്ത് വിട്ടത്. അതേ സമയം കോവിഡ് സ്ഥിരീകരിക്കുന്ന പിഎസ്ജിയുടെ ഏഴാമത്തെ സൂപ്പർതാരമാണ് എംബാപ്പെ. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ, മൗറോ ഇക്കാർഡി, കെയ്‌ലർ നവാസ്, എയ്ഞ്ചൽ ഡി മരിയ, പരേഡസ്,മാർക്കിഞ്ഞോസ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് പിഎസ്ജി.