എംബാപ്പെ ട്രാൻസ്ഫർ; സ്വന്തമാക്കാൻ ബാഴ്സയുടെ കനിവ് തേടി റയൽ മാഡ്രിഡ്‌

കോവിഡ് മഹാമാരിയും സാന്റിയാഗോ ബെർണബ്യു സ്റ്റേഡിയത്തിന്റെ നവീകരണവും റയൽ മാഡ്രിഡിനെ സാമ്പത്തികമായി പിറകോട്ടുവലിച്ചിട്ടുണ്ടെങ്കിലും അടുത്ത സീസണിൽ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ  പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസിന്റെ പരിഗണയിൽ ഇപ്പോഴുമുണ്ട്. അതിലൊന്നാണ് പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പെയുടെ ട്രാൻസ്ഫർ.

സൂപ്പർതാരങ്ങളായ നെയ്മറിനെയും എംബാപ്പെയേയും പിഎസ്‌ജിയിൽ തന്നെ നിലനിർത്താൻ സ്പോർട്ടിങ് ഡയറക്ടർ ലിയോനാർഡോ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇരുവരും അതിനു സമ്മതം മൂളിയിട്ടില്ല. റയൽ മാഡ്രിഡിന്റെ പ്രധാന ലക്ഷ്യമായ എംബാപ്പെക്ക്‌  പരിശീലകനായ സിദാനോടുള്ള ഇഷ്ടം ട്രാൻസ്ഫറിന് കൂടുതൽ അനുകൂലമാകുമെങ്കിലും പിഎസ്‌ജിയുടെ ചാമ്പ്യൻസ്‌ലീഗിലെ പ്രകടനത്തെ ആശ്രയിച്ചാണ് ക്ലബ്ബ് വിടണോ അതോ തുടരണമോയെന്നു താരം തീരുമാനിക്കുന്നത്.

എന്നാൽ  ചിരവൈരികളായ ബാഴ്സക്ക് ഇക്കാര്യത്തിൽ  റയൽ മാഡ്രിഡിനെ സഹായിക്കാനായേക്കും. പിഎസ്‌ജിയെ അടുത്ത  റൗണ്ടിലേക്ക് കടക്കുന്നതിനെ ബാഴ്സക്ക് തടയാനായാൽ ഏംബാപ്പെ ചിലപ്പോൾ പിഎസ്‌ജി വിടാനുള്ള സാധ്യത കൂടുകയും റയൽ മാഡ്രിഡ്‌ ആഗ്രഹിക്കുന്ന വിലക്ക് താരത്തെ സ്വന്തമാക്കാനും സാധിച്ചേക്കും. എന്നാൽ ബാഴ്സയുടെ നിലവിലെ ഫോമാണ് റയൽ മാഡ്രിഡിനു തിരിച്ചടിയാവുന്നത്.

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന  ചാമ്പ്യൻസ്‌ലീഗ് റൗണ്ട് ഓഫ് 16 ആദ്യപാദമാവുമ്പോഴേക്കും മെസിയും കൂട്ടരും പഴയ ഫോമിലേക്ക് തിരിച്ചെത്തിയാൽ എംബാപ്പെയുടെ കാര്യത്തിൽ റയൽ മാഡ്രിഡിനു അനുകൂല സാഹചര്യം ഉയർന്നുവരാൻ സാധ്യതയുണ്ട്. ഫെബ്രുവരിയാവുമ്പോഴേക്കും നെയ്മർ പരിക്കിൽ നിന്നും മോചിതനാവുന്നത് ബാഴ്സക്ക് വൻ തിരിച്ചടിയാവാൻ സാധ്യതയുണ്ട്. എന്തായാലും പിഎസ്ജിക്കെതിരായി അത്ഭുതം സംഭവിച്ചാൽ സ്റ്റേഡിയം നവീകരണത്തിനൊപ്പം എംബാപ്പെയേയും സ്വന്തമാക്കാൻ റയലിനു എളുപ്പത്തിൽ സാധിച്ചേക്കും

You Might Also Like