ഞാൻ ക്രിസ്ത്യാനോ – മെസിയെക്കാൾ മികച്ചതാണെന്നു സ്വയം കരുതുന്നു, തന്റെ വിജയരഹസ്യം വെളിപ്പെടുത്തി എംബാപ്പെ

Image 3
FeaturedFootballLeague 1

നിലവിൽ ലോകഫുട്ബോളിന്റെ നെറുകയിലെത്താൻ കഴിവുള്ള യുവപ്രതിഭകളിലൊരാളാണ് പിഎസ്‌ജി സൂപ്പർതാരം കിലിയൻ എംബാപ്പെ. പിഎസ്‌ജിക്കായി തകർപ്പൻ പ്രകടനം കാഴ്ച വെക്കുമ്പോഴും തന്നെ എപ്പോഴും ഉയരങ്ങളിലേക്ക് എത്താൻ സഹായിക്കുന്ന ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് എംബാപ്പെ. താൻ എപ്പോഴും മനസ്സിൽ താലോലിച്ചുകൊണ്ടിരിക്കുന്ന അഹംഭാവമാണ് തന്നെ അതിനു സഹായിക്കുന്നതെന്നാണ് എംബാപ്പെയുടെ വെളിപ്പെടുത്തൽ.

അതു കൊണ്ടു തന്നെ എപ്പോഴും താൻ സൂപ്പർതാരങ്ങളായ ലയണൽ മെസിയെക്കാളും ക്രിസ്ത്യാനോ റൊണാൾഡോയെക്കാളും മികച്ചവനാണെന്നാണ് കരുതുന്നതെന്നും എംബാപ്പെ പറഞ്ഞു. ക്രിസ്ത്യാനോക്കും മെസിയും തങ്ങളുടെ കരിയറിന്റെ അവസാനത്തിലേക്കടുക്കുമ്പോൾ ഫുട്ബോളിന്റെ നെറുകയിലേക്കുയരുകയാണ് എംബാപ്പെ. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“അഹംഭാവം? തീർച്ചയായും. നിങ്ങൾ ഒരു വിഷമം പിടിച്ച അവസ്ഥയിലുള്ളപ്പോൾ അതല്ലാതെ ആരും മുന്നോട്ടു നയിക്കാനുള്ള ഊർജം നമുക്ക് തരുന്നില്ല. ഇനിയും വന്മലകൾ കടന്നു മുന്നേറാനുള്ളതാണെന്നു നിങ്ങൾ നിങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ആളുകൾ പലപ്പോഴും അഹംഭാവം എന്തെന്ന് മനസിലാക്കാറില്ല. നിങ്ങൾ മോശപ്പെട്ട അവസ്ഥയിലാകുമ്പോൾ ആരും നിങ്ങളുടെ വീട്ടിൽ വന്നു നിനക്കത് ചെയ്യാനാവും എന്നു ആത്മവിശ്വാസം നൽകാറില്ല. അത് നിങ്ങൾക്കും നിങ്ങളുടെ മനസ്ഥിതിക്കും മാത്രമേ സാധിക്കുകയുള്ളു. നിങ്ങൾക്ക് മാത്രം.”

“മികവുറ്റ കാര്യങ്ങൾ ചെയ്യാനാവുമെന്ന് നിങ്ങൾ തന്നെ നിങ്ങളുടെ മനസിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എപ്പോഴും ഞാൻ കളിക്കാനിറങ്ങുമ്പോൾ ഞാനാണ് ഏറ്റവും മികച്ചതെന്നു സ്വയം മന്ത്രിക്കാറുണ്ട്. മെസിയും ക്രിസ്ത്യാനോയും കളിച്ച കളിക്കളങ്ങളിൽ ഞാനും കളിച്ചിട്ടുണ്ട്. അവർ എന്നേക്കാൾ മികച്ച താരങ്ങളാണ്. അവർ എന്നേക്കാൾ ബില്യൺകണക്കിന് കാര്യങ്ങൾ ചെയ്തിട്ടുണ്ടാവാം. എന്നാൽ എന്റെ മനസ്സിൽ ഞാനാണ് എപ്പോഴും മികച്ചതെന്ന ഭാവമാണുള്ളത്. കാരണം അങ്ങനെ കരുത്തുമ്പോൾ നമുക്ക് മുന്നിൽ ഒരു പരിധി ഇല്ലാതാവുകയും മികച്ച പ്രകടനം കാഴ്ചവെക്കാനും സാധിക്കും.”എംബാപ്പെ പറഞ്ഞു.