പ്രീമിയർ ലീഗ് കിരീടം നേടാനുറപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി, ലാലിഗ സൂപ്പർതാരവുമായി കരാറിലെത്തി

അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള തയ്യാറെടുപ്പുകൾക്കായി ലാലിഗ ക്ലബായ വലൻസിയയുടെ ഫെറൻ ടോറസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. മെസ്റ്റലയിൽ ഒരു വർഷത്തേക്ക് കൂടി കോൺട്രാക്ട് കൂടിയുള്ള ഇരുപതുകാരനായ താരം കരാർ പുതുക്കി അവിടെ തുടരാനുള്ള ഓഫറുകൾ നിരസിച്ചിരിക്കുയാണ്.

ബുധനാഴ്ച പ്രീമിയർ ലീഗ് ക്ലബും താരത്തിന്റെ ഏജന്റുമായുള്ള കൂടിക്കാഴ്ചയിൽ ഫെറൻ സിറ്റിയിൽ ചേരാൻ സമ്മതിച്ചെന്ന് യൂറോ സ്പോർട്ട് റിപ്പോർട്ടു ചെയ്യുന്നു. വലൻസിയയുമായി ഒരു വർഷത്തെ കരാർ മാത്രം ബാക്കിയുള്ള താരത്തിന്റെ ട്രാൻസ്ഫറിനായി സിറ്റി എത്ര തുക ചിലവഴിക്കേണ്ടി വരുമെന്നതു വ്യക്തമല്ല.

100 മില്ല്യൺ യൂറോയാണ് ഫെറനെ വിട്ടു നൽകാനുള്ള റിലീസിംഗ് തുക. എന്നാൽ ഒരു വർഷം മാത്രമേ കരാറിൽ ബാക്കിയുള്ളൂ എന്നതു കൊണ്ട് അതിനേക്കാൾ കുറഞ്ഞ തുകക്ക് താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കു കഴിയുമെന്നതു തീർച്ചയാണ്.

സിഎഎസിന്റെ വിധിപ്രകാരം യൂറോപ്യൻ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള വിലക്കു നീങ്ങിയ സിറ്റിയ്ക്ക്  ക്ലബിന്റെ ഭാവി പ്രവർത്തനങ്ങൾക്കായി പണം മുടക്കുന്നതിൽ തടസ്സമില്ല. ബയേൺ മ്യൂണിക്കിലേക്കു പോയ ലിറോയ് സാനേക്കു പകരക്കാരനെ തിരയുന്ന പെപ് ഗ്വാർഡിയോളയ്ക്ക് ഫെറാൻ ടീമിലെത്തുന്നത് മുതൽക്കൂട്ടായിരിക്കും

You Might Also Like