കളമൊഴിഞ്ഞ നായകനു പകരക്കാരനെ കണ്ടെത്തി മാഞ്ചസ്റ്റർ സിറ്റി

Image 3
EPLFeaturedFootball

കളിക്കളം വിട്ട നായകനായ വിൻസന്റ് കമ്പനിക്കു പകരക്കാരനെ കണ്ടെത്തി മാഞ്ചസ്റ്റർ സിറ്റി. ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നും തരം താഴ്ത്തപ്പെട്ട ബോൺമൗത്ത് താരമായ നതാൻ ആക്കെയെയാണ് സിറ്റി സ്വന്തമാക്കിയത്. പ്രധാന പ്രതിരോധ താരമായും ലെഫ്റ്റ് ബാക്കായും കളിക്കാൻ കഴിയുന്ന ആക്കെ മുൻപ് ചെൽസി താരമായിരുന്നു. അഞ്ചു വർഷത്തെ കരാറിലാണ് താരം സിറ്റിയിലെത്തിയത്.

ഏതാണ്ട് നാൽപതു ദശലക്ഷം പൗണ്ട് മുടക്കിയാണ് മാഞ്ചസ്റ്റർ സിറ്റി നെതർലൻഡ്സ് താരമായ ആക്കെയെ സ്വന്തമാക്കിയത്. ഇരുപത്തിയഞ്ചുകാരനായ താരവുമായി ചെൽസിക്ക് ബൈ ബാക്ക് ക്ളോസ് ഉണ്ടായിരുന്നെങ്കിലും മാഞ്ചസ്റ്റർ സിറ്റി ഓഫർ ചെയ്ത തുകയിൽ കൂടുതൽ നൽകാൻ ചെൽസിക്കു കഴിയാതിരുന്നതാണ് ട്രാൻസ്ഫർ നടക്കാതിരിക്കാൻ കാരണമായത്.

കഴിഞ്ഞ പത്തു വർഷമായി പ്രീമിയർ ലീഗിൽ മേധാവിത്വം പുലർത്തുന്ന മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കാൻ കഴിഞ്ഞത് സ്വപ്നം സഫലമായതു പോലെയാണെന്ന് ട്രാൻസ്ഫർ പൂർത്തിയായതിനു ശേഷം ആക്കെ പ്രതികരിച്ചു. മികച്ച താരങ്ങളും ഗാർഡിയോളയെ പോലെ ഒരു പരിശീലകനുമുള്ള സിറ്റിക്കൊപ്പം മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്നും കിരീടങ്ങൾ നേടാൻ കഴിയുമെന്നും താരം പറഞ്ഞു.

അടുത്ത സീസണിലേക്കായി രണ്ടാമത്തെ ട്രാൻസ്ഫറാണ് സിറ്റി നടത്തിയത്. നേരത്തെ വലൻസിയ വിങ്ങറായ ഫെറൻ ടോറസിനെയാണ് സിറ്റി സ്വന്തമാക്കിയത്. പ്രീമിയർ ലീഗിൽ നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള ആക്കെയുടെ സാന്നിധ്യം സിറ്റിക്കും നെതർലൻഡ്സ് ദേശീയ ടീമിനും ഗുണം ചെയ്യുമെന്നുറപ്പാണ്.