ഇത് വളരെയധികം ബുദ്ധിമുട്ടി നേടിയ കിരീടം, ഈ സ്‌ക്വാഡിൽ ഒരുപാട് അഭിമാനിക്കുന്നുവെന്നു പെപ്‌ ഗാർഡിയോള

Image 3
EPLFeaturedFootball

ലൈസസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതോടെ ഈ സീസണിലെ പ്രീമിയർലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ പെപ്‌ ഗാർഡിയോളക്ക് കീഴിൽ മൂന്നാമത്തെ കിരീടമാണ് മാഞ്ചസ്റ്റർ സിറ്റിയും സംഘവും കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്.

ഈ സീസണിലെ കിരീടമാണ് നേടാൻ ഏറ്റവും ബുദ്ദിമുട്ടേറിയതെന്നാണ് പരിശീലകൻ പെപ്‌ ഗാർഡിയോള വ്യക്തമാക്കിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഇത് യാഥാർഥ്യമാക്കിയ തന്റെ സ്‌ക്വാഡിനെയും സ്റ്റാഫുകളെയും പ്രശംസിക്കാനും ഗാർഡിയോള മറന്നില്ല. കിരീടവിജയത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഈ സീസണും പ്രീമിയർലീഗ് കിരീടവും മുമ്പത്തെക്കാൾ വളരെയധികം സവിശേഷതയുള്ളതാണ്. ഇതായിരുന്നു ഏറ്റവും ബുദ്ദിമുട്ടേറിയത്. ലീഗ് നേടിയ രീതികൊണ്ട് തന്നെ ഈ സീസൺ എപ്പോഴും ഞങ്ങളുടെ ഓർമയിലുണ്ടാവും. ഈ താരങ്ങളുടെ മാനേജരാവാൻ സാധിച്ചതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നുണ്ട്.”

“അവരെല്ലാം വളരെയധികം വിശേഷപ്പെട്ടവരാണ്. ഇത്തരം ബുദ്ദിമുട്ടേറിയ സാഹചര്യങ്ങളെ അതിജീവിച്ച് കളിയിലെ നിലവാരം നിലനിർത്തിയത് ശ്രദ്ധേയമായ കാര്യമാണ്. മികച്ച മനശക്തിയോടെ ഓരോ ദിവസവും പോരാടിയ അവർ ഒരിക്കലും പിൻവാങ്ങാൻ ആഗ്രഹിക്കാത്തവരായി നിലകൊണ്ടു. ” പെപ്‌ പറഞ്ഞു.