എഫ്.എ കപ്പില്‍ സിറ്റിയ്ക്ക് മുന്നില്‍ അടിതെറ്റി ഗണ്ണേഴ്‌സ്; ഇനി പോരാട്ടം പ്രീമിയര്‍ലീഗില്‍

ലണ്ടന്‍: പ്രീമിയര്‍ലീഗിലെ ആദ്യ രണ്ട് സ്ഥാനക്കാരുടെ ബലാബലത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ആര്‍സനലിനെ എതിരില്ലാത്ത ഒരുഗോളിന് കീഴടക്കി സിറ്റി എഫ്.എ കപ്പ് അഞ്ചാം റൗണ്ടിലേക്ക് പ്രവേശിച്ചു. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തില്‍ ഇരുടീമുകളും മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞു. പ്രതിരോധതാരം നഥാന്‍ അകെയാണ് മത്സരത്തിലെ ഏകഗോള്‍നേടിയത്. സ്വന്തം മൈതാനമായ ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നിര്‍ണായക മാറ്റങ്ങളുമായാണ് സിറ്റി കരുത്തരായ ആഴ്‌സനലിനെ നേരിട്ടത്. എഡേഴ്‌സന് പകരം സ്റ്റീഫന്‍ ഒര്‍ട്ടേഗയേയും ഐമറിക് ലപ്പോര്‍ട്ടക്ക് പകരം നഥാന്‍ ആകെയേയും ടീമിലെത്തിച്ചു. ജാക് ഗ്രീലിഷും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു.

ആദ്യപകുതിയില്‍ സിറ്റിയുടെ പ്രതിരോധത്തെ കീറിമുറിച്ച് ഗണ്ണേഴ്‌സ് കുതിപ്പ് നടത്തിയെങ്കിലും ഗോള്‍നേടാനായില്ല. തകെഹിറോ ടോമിയാസുവും ട്രൊസാര്‍ഡും ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ഗോള്‍കീപ്പര്‍ ഒര്‍ട്ടേഗയുടെ മികച്ച ഫോം സിറ്റിക്ക് രക്ഷയായി. ആദ്യപകുതിയില്‍ പ്രതിരോധത്തിലായിരുന്ന സിറ്റി രണ്ടാംപകുതിയില്‍ ശൈലിമാറ്റുകയായിരുന്നു. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സിറ്റി ആഴ്‌സനല്‍ ഹാഫിലേക്ക് കളിമാറ്റി. 64ാം മിനിറ്റില്‍ ഇതിന്റെ ഫലം ലഭിക്കുകയും ചെയ്തു. പ്രതീക്ഷിക്കാത്ത ആംഗിളില്‍ നിന്ന് ജാക് ഗ്രീലിഷ് നല്‍കിയ പന്ത് ഗണ്ണേഴ്‌സ് പ്രതിരോധമതില്‍ ഭേദിച്ച് ആകെ ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.

കിരീടപോരാട്ടത്തില്‍ വലിയവെല്ലുവിളിയുയര്‍ത്തുമെന്ന് പ്രതീക്ഷിച്ച ആഴ്‌സനലിനെതിരെ വിജയിക്കാനായത് സിറ്റിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. നേരത്തെ പ്രീമിയര്‍ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ സിറ്റിയുടെ തിരിച്ചുവരവ് കൂടിയായി എഫ്.എ കപ്പിലെ മത്സരം. പ്രീമിയര്‍ലീഗില്‍ രണ്ടാഴ്ച കഴിഞ്ഞ് ആദ്യ രണ്ട് സ്ഥാനക്കാരായ ആഴ്‌സനലും സിറ്റിയും ഏറ്റുമുട്ടാനിരിക്കുകയാണ്. പ്രീമിയര്‍ലീഗ് കിരീടപോരാട്ടം നിര്‍ണയിക്കുന്ന നിര്‍ണായക മത്സരത്തിന് മുന്‍പ് ഗണ്ണേഴ്‌സിനെതിരെ വിജയംനേടാനായത് സിറ്റിയ്ക്ക് പ്രതീക്ഷ നല്‍കുന്നു. അതേസമയം, നിര്‍ഭാഗ്യംകൊണ്ട് മാത്രം തോല്‍വിനേരിട്ട ആഴ്‌സനലിന് തിരിച്ചുവരവിനുള്ള അവസരവുമാണ് പ്രീമിയര്‍ലീഗ് പോരാട്ടം.

You Might Also Like