സിറ്റിയ്ക്ക് മുന്നില്‍ തോറ്റ് തോറ്റ് ചെല്‍സി; ദുരന്തമായി നീലപ്പട, മൂന്ന് ദിവസത്തിനിടെ രണ്ടാം പരാജയം

മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് മുന്നില്‍ മൂന്ന് ദിവസത്തിനിടെ രണ്ടാംതോല്‍വിയേറ്റുവാങ്ങി ചെല്‍സി. പ്രീമിയര്‍ലീഗ് തോല്‍വിക്ക് പിന്നാലെ നടന്ന എഫ്.എ കപ്പിലും ദയനീയമായി കീഴടങ്ങി. ഏകപക്ഷീയമായ നാലുഗോളുകള്‍ക്ക് തോറ്റ് നീലപട എഫ്.എ കപ്പില്‍ നിന്ന് പുറത്തായി. പ്രീമിയര്‍ലീഗ് സീസണിലെ തുടക്കം മുതല്‍ നേരിട്ട മധ്യനിരയുടെ മൂര്‍ച്ചയില്ലായ്മയാണ് സിറ്റിക്കെതിരെയും പ്രതിഫലിച്ചത്.

സിറ്റിയുടെ ശക്തമായ അക്രമണത്തെ നേരിടാന്‍ ചെല്‍സി പ്രതിരോധത്തിനുമായില്ല. അര്‍ജീരിയന്‍ വിംഗര്‍ റിയാബ് മെഹ്‌റസ് ഇരട്ടഗോള്‍ നേടിയപ്പോള്‍, പെനാല്‍റ്റിയിലൂടെ അര്‍ജന്റീനന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ്, ഇംഗ്ലീഷ് താരം ഫില്‍ഫോഡന്‍ എന്നിവരും ലക്ഷ്യംകണ്ടു. സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ടില്ലാതെയാണ് സിറ്റിയിറങ്ങിയത്.


പ്രീമിയര്‍ലീഗില്‍ തോറ്റെങ്കിലും ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയ ചെല്‍സി ഇത്തവണ മൈതാനത്ത് കാഴ്ചക്കാര്‍ മാത്രമായി. മധ്യനിരയില്‍ ജോര്‍ജീന്യോ, കൊവാസിച്ച് കൂട്ട്‌കെട്ട് പരാജയമായി. മുന്നേറ്റത്തില്‍ ഹാവെട്‌സിന് പന്തുകിട്ടിയില്ല. കളിയിലേക്ക് തിരിച്ചുവരാന്‍ ചെല്‍സി പരിശീലകന്‍ ഗ്രഹാം പോട്ടര്‍ യുവതാരങ്ങളെ ഇറക്കി പരീക്ഷിച്ചെങ്കിലും ഒരുഗോള്‍പോലും നേടാനായില്ല. നാലാം റൗണ്ടിലെത്തിയ സിറ്റിക്ക് ഓക്ഫഡ് യുണൈറ്റഡ്-ആഴ്‌സനല്‍ മത്സരവിജയികളാകും എതിരാളികള്‍.


പരിക്ക്കാരണം നിരവധിതാരങ്ങള്‍ പുറത്തായതും ചെല്‍സിയുടെ ദുരന്തത്തിന് കാരണമായി. മികച്ച ഫോമിലുള്ള റീല്‍സ് ജെയിംസ്, മധ്യനിര എഞ്ചിന്‍ എന്‍കോളോ കാന്റെ, പ്രതിരോധതാരം ഫൊഫാനെ, ബെന്‍ചില്‍വെല്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ റഹിം സ്റ്റെര്‍ലിംഗ്, ക്രിസ്റ്റ്യന്‍ പുലിസിച്ച് എന്നിവരും ഇറങ്ങിയില്ല.

കൊവാസിച്ച്, കുലിബാലി, ഹാവെട്‌സ്, മേസന്‍മൗണ്ട്, ജോര്‍ജീജ്ജ്യോ, ഹക്കിം സിയെച്ച് തുടങ്ങിയവരുണ്ടായിട്ടും ശക്തമായൊരു മത്സരംപോലും നടത്താതെ ദുര്‍ബലമായി കീഴടങ്ങിയത് ആരാധകരില്‍ വലിയ പ്രതിഷേധത്തിന് കാരണമാക്കി. മത്സരം കഴിയുന്നതിന് മുന്‍പ് സ്റ്റേഡിയത്തില്‍ നിന്ന് ചെല്‍സി ആരാധകര്‍ മടങ്ങുകയും ചെയ്തു.

You Might Also Like