എണ്ണിഎണ്ണിപറയണോ?..! മെസി ബാഴ്‌സ വിടാനുളള കാരണങ്ങള്‍

Image 3
FeaturedFootballLa Liga

ഇരുപത് വർഷത്തോളം ബാഴ്സ അടക്കിവാണ  ലയണൽ മെസിയെന്ന അതുല്യപ്രതിഭ ഒടുക്കം ക്ലബിന്റെ പടിയിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ മെസിയെ ക്ലബ്ബ് വിടാൻ ആലോചിക്കുന്നതിലേക്ക് നയിച്ച മുഖ്യകാരണങ്ങൾ പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.

കൂമാനുമായി ആദ്യം സംസാരിച്ച താരമാണ് മെസി. പക്ഷെ മെസിയെ തൃപ്തിപ്പെടുത്താനോ ബോധ്യപ്പെടുത്താനോ കൂമാന് കഴിഞ്ഞിട്ടില്ല. കൂമാന്റെ തന്ത്രങ്ങൾ കൊണ്ട് പഴയ ബാഴ്സയെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലെന്നാണ് മെസി വിശ്വസിക്കുന്നത്. നിലവിലെ ബാഴ്സ ബോർഡുമായി മെസിക്ക് ഒരിക്കലും സ്വരച്ചേർച്ച ഉണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നു വർഷം മെസി തീർത്തും ബാഴ്സയിൽ അസംതൃപ്തനായിരുന്നു. ബർതോമ്യുവുമായുള്ള മെസിയുടെ ബന്ധം ഒരിക്കലും മികച്ചതായിരുന്നില്ല

മുൻ പരിശീലകൻ വാൽവെർദെയെ പുറത്താക്കിയത് വ്യക്തിപരമായി മെസിക്ക് ഇഷ്ടമാവാത്ത കാര്യമായിരുന്നു. മുമ്പുള്ള പരിശീലകർ മെസിയോട് എങ്ങനെ ആയിരുന്നുവോ അത്പോലെ തന്നെയായിരുന്നു വാൽവെർദെയും. പകരക്കാരനായി വന്ന സെറ്റിയന് പക്ഷെ മെസിയുടെ മതിപ്പ് നേടാൻ കഴിഞ്ഞില്ല. കൂടാതെ സൂപ്പർ താരം നെയ്മർ ജൂനിയറെ ബാഴ്സ കൈവിട്ടത് മെസിക്ക് ഒരിക്കലും യോജിക്കാനാവാത്ത പ്രവർത്തിയായിരുന്നു. പകരം വന്ന ഒരാൾക്ക് പോലും ബാഴ്സയിൽ തിളങ്ങാൻ കഴിയാത്തത് മെസിയുടെ ദേഷ്യം ഇരട്ടിയാക്കി.

അബിദാലിന്റെ പുറകോട്ടുവലിക്കുന്ന നയങ്ങൾ മെസിയെ തീർത്തും അസംതൃപ്തനാക്കി.നിലവിൽ മെസിയുടെ ഏറ്റവും നല്ല സുഹൃത്താണ് സുവാരസ്. എന്നാൽ താരത്തോട് ബാഴ്സ ഈ സീസണിൽ ക്ലബ് വിടാൻ ആവിശ്യപ്പെടുകയായിരുന്നു. ഈ രീതി മെസിയെ രോഷാകുലനാക്കിയിരുന്നു. സുവാരസ് കൂടുതൽ ബഹുമാനമർഹിക്കുന്നവെന്നാണ് മെസിയുടെ പക്ഷം. ബോർഡിന്റെ മോശം സമീപനമാണ് മെസിയുടെ കൂടുമാറ്റത്തിന്റെ പ്രധാന അടിത്തറയായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.