സ്പാനിഷ് കാളക്കൂറ്റന്മാർ ഇന്നു കൊമ്പു കോർക്കുന്നു, ഒന്നാംസ്ഥാനം നിലനിർത്താൻ സിദാനെതിരെ പടയൊരുക്കവുമായി സിമിയോണി

ചാമ്പ്യൻസ്‌ലീഗിൽ ഓസ്ട്രിയൻ വമ്പന്മാരായ ആർബി സാൽസ്ബർഗുമായുള്ള വിജയത്തോടെ ഗ്രൂപ്പിൽ ബയേണിനു താഴെ രണ്ടാമതായി ഫിനിഷ് ചെയ്ത് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്‌. ചാമ്പ്യൻസ്‌ലീഗിളെ വിജയത്തിന്റെ ആത്മവിശ്വാസത്തോടെ ഇന്നു നഗരവൈരികളായ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് സിമിയോണിയും സംഘവും.

ലാലിഗയിൽ റയൽ മാഡ്രിഡുമായി ആറു പോയിന്റിന്റെ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്താണ് അത്ലറ്റിക്കോയുള്ളതെന്നത് മേൽക്കോയ്മ നൽകുന്നുണ്ട്. ഒരു മത്സരം കുറവ് കളിച്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കുമായുള്ള തകർപ്പൻ വിജയത്തിന്റെ ആവേശത്തിലാണ് സിദാനും സംഘവും ഇന്നു ആൽഫ്രഡോ സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ പന്തു തട്ടാനിറങ്ങുന്നത്.

സ്‌ക്വാഡിലേക്ക് റൈറ്റ്ബാക്ക് സ്ഥാനത്തേക്ക് ഡാനി കാർവഹാളും മധ്യനിരയിലേക്ക് ഫെഡെ വാൽവെർദെയും പരിക്കിൽ നിന്നും തിരിച്ചെത്തുന്നത് റയൽ മാഡ്രിഡിനു കൂടുതൽ കരുത്തേകുന്നുണ്ട്. ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ തിരിച്ചു വരവ് ബൊറൂസിയക്കെതിരെ മികച്ച പ്രകടനം നടത്താൻ റയൽ മാഡ്രിഡിനു ഊർജമേകിയിരുന്നു. ആ ആത്മവിശ്വാസം ടീമിനു അത്ലറ്റിക്കോക്കെതിരെയും കാണിക്കാൻ സാധിക്കുമെന്നാണ് സിദാന്റെ പ്രതീക്ഷ.

എന്നാൽ അത്ലറ്റിക്കോയുടെ ടീമിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. സാൽസ്ബർഗിനെതിരെ കളിച്ച അതേ താരങ്ങൾ തന്നെ റയൽ മാഡ്രിഡിനെതിരെയും സിമിയോണി അണിനിരത്തിയേക്കും. ലാലിഗയിൽ റയൽ വയ്യഡോലിഡിനെതിരെ വിശ്രമം നൽകിയ കോക്കെ, മാർക്കോസ് ലോറെന്റെ, യാനിക്ക് കരാസ്കോ, ജാവോ ഫെലിക്സ് എന്നിവർ മാഡ്രിഡ്‌ ഡെർബിയിൽ കളിച്ചേക്കും. രണ്ടു ലാലിഗ വമ്പന്മാരുടെയും സാധ്യതാ ഇലവൻ ഇങ്ങനെയാണ് :- റയൽ മാഡ്രിഡ്‌: കോർട്‌വ,കാർവഹാൾ, വരാൻ, സെർജിയോ റാമോസ്,മെൻഡി,കാസെമിരോ, മോഡ്രിച്, ക്രൂസ്, ലൂക്കാസ് വാസ്‌കസ്,ബെൻസിമ, വിനീഷ്യസ്. അത്ലറ്റിക്കോ മാഡ്രിഡ്‌: ഒബ്ലാക്, സാവിച്ച്, ഫെലിപ്പെ, ഹെർമോസോ, ട്രിപ്പിയർ, കോക്കെ, ലോറെന്റെ, കരാസ്‌കോ, സൗൾ, സുവാരസ്,ജാവോ ഫെലിക്സ്.

You Might Also Like