റാമോസ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡർ! പ്രശംസിച്ച് മോഡ്രിച്
റയൽ മാഡ്രിഡിനൊപ്പം തന്റെ കരിയറിലെ രണ്ടാമത്തെ ലാലിഗ കിരീടം നേടിയ ലുക്കാ മോഡ്രിച് സഹതാരങ്ങളായ സെർജിയോ റാമോസിന്റെയും കരീം ബെൻസിമയുടെയും സീസണിലെ പ്രകടനങ്ങളെ വാനോളം പുകഴ്ത്തുകയാണ്. സെർജിയോ റാമോസ് ഒരു പ്രതിഭാസമാണെന്നും ലോകത്തിലെ തന്നെ മികച്ച ഡിഫെൻഡറാണെന്നും മോഡ്രിഡ് അഭിപ്രായപ്പെട്ടു.
2 വർഷത്തിനു ശേഷം ലാലിഗ ബാഴ്‌സയെ മറികടന്നു നേടുന്നതിൽ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് സെർജിയോ റാമോസും ബെൻസിമയും. പ്രതിരോധത്തിലും പ്രത്യാക്രമണങ്ങളിലും റയൽ മാഡ്രിഡിന്റെ മികവിന് കാരണം ഇവരുടെ കരുത്തുറ്റ പ്രകടനങ്ങളാണെന്നു സംശയമില്ല. ചരിത്രത്തിൽ തന്നെ 11 ഗോളുകൾ നേടുന്ന ആദ്യപ്രതിരോധതാരമായി മാറിയ റാമോസ് കൊറോണക്ക് ശേഷം തന്നെ 6 പ്രധാനപ്പെട്ട ഗോളുകളാണ് റയൽ മാഡ്രിഡിനു വേണ്ടി നേടിയത്.
“എന്റെ സഹോദരൻ സെർജിയോ റാമോസ് ഒരു പ്രതിഭാസമാണ്. ഞാൻ വെറുതെ പറയുന്നതല്ല, കഴിഞ്ഞ 8 വർഷമായി അദ്ദേഹവും കുടുംബവുമായെനിക്ക് അടുത്ത ബന്ധമാണുള്ളത്. ഞങ്ങൾ ഒരുമിച് സമയം ചെലവഴിക്കാറുണ്ട്. ഒരുമിച്ചാണ് ഒഴിവുദിനങ്ങളിൽ പുറത്തു പോവാറുമുള്ളത്. കൂടാതെ കുറെ കാലത്തെ ഫുട്ബോൾ അനുഭവങ്ങളും വിജയങ്ങളും ഞങ്ങൾ ഒരുമിച്ചാണ് നേടിയത്.
‘റാമോസ് ഒരു പാറപോലെ കരുത്തുറ്റ 34കാരനും മികച്ച മത്സരത്വരയുള്ള ആളുമാണ്. നിങ്ങൾ അദ്ദേഹത്തിനെ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങൾക്കു മനസിലാവും എത്രത്തോളം അർപ്പണബോധമുള്ള ആളാണെന്നും വിജയത്തെ എത്രത്തോളം അയാൾ ആഗ്രഹിക്കുന്നുണ്ടെന്നും. അയാൾ ടീമിന്റെ നായകനാണ്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫൻഡറും.” ക്രൊയേഷ്യൻ മാധ്യമമായ സ്‌പോർസ്‌കെ നോവോസ്‌റ്റിയോട് ലുകൾ മോഡ്രിച് അഭിപ്രായപ്പെട്ടു.