ബെയ്‌ലിന്റെ പാത പിന്തുടരാനുള്ള വയസ്സല്ല എനിക്കുള്ളത്, ടോട്ടനത്തിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് മോഡ്രിച് പറയുന്നു

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ നിന്നും റയൽ മാഡ്രിഡിൽ നിന്നും ടോട്ടനം ഹോട്ട്സ്പറിലേക്ക് ഗാരെത് ബെയ്ൽ ചേക്കേറിയിരുന്നു. സിദാനു കീഴിൽ അവസരങ്ങളില്ലെന്നു മനസിലാക്കിയ ബെയ്ൽ തന്റെ പഴയ ക്ലബ്ബിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. എന്നാലിപ്പോൾ ടോട്ടനം ആരാധകർ കാത്തിരിക്കുന്നത് ടോട്ടനത്തിന്റെ തന്നെ മുൻതാരമായ ലൂക്ക മോഡ്രിച്ചിന്റെ തിരിച്ചുവരവിനാണ്.

എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബാലൺ ഡിയോർ ജേതാവായ ലൂക്ക മോഡ്രിച്. ഫോർഫോർടുവിനു നൽകിയ അഭിമുഖത്തിലാണ് ബെയ്‌ലിന്റെ പാത പിന്തുടരുമോയെന്ന ചോദ്യത്തിന് മോഡ്രിച് മറുപടി പറഞ്ഞത്. നിലവിൽ മാഡ്രിഡുമായി കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് ഈ മുപ്പത്തിയഞ്ചുകാരൻ.

“എനിക്ക് വയസായിക്കൊണ്ടിരിക്കുകയാണ്. ഇനി ടോട്ടനത്തിലേക്ക് തിരിച്ചു പോവുമെന്ന് തോന്നുന്നില്ല. എനിക്ക് മാഡ്രിഡുമായി ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട്. അതിനു ശേഷം എന്തു സംഭവിക്കുമെന്നു നോക്കാം. ഞാനിപ്പോഴും മികച്ചതായി തോന്നുന്നുണ്ട്. കുറച്ചു കാലം കൂടി ഫുട്ബോളിൽ തുടരാനാണ് എന്റെ ആഗ്രഹം. ഞാനിപ്പോൾ മാഡ്രിഡിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒപ്പം ഈ സീസണിൽ നേടാനുള്ള കാര്യങ്ങളിലും. “

അതിനു ശേഷം ഞാൻ മാനേജ്മെന്റുമായി ചർച്ച നടത്തും. ഞങ്ങൾ ഇതിനൊരു മികച്ച പ്രതിവിധി കണ്ടെത്തും. ക്ലബ്ബിലെ ആളുകളുമായി മികച്ച ബന്ധം തന്നെയാണ് ഞാൻ പുലർത്തിപ്പോരുന്നത്. അതുകൊണ്ട് തന്നെ എന്ത് സംഭവിച്ചാലും ഒരു പ്രശ്നവും ഇല്ല. ” മോഡ്രിച് പറഞ്ഞു.

You Might Also Like