ലിവര്‍പൂളിന് വീണ്ടും തിരിച്ചടി, ചാമ്പ്യന്‍മാരെ സമനിലയില്‍ തളച്ച് ബേണ്‍ലി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് വീണ്ടും തിരിച്ചടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ലിവര്‍പൂളിന് ജയം നേടാനായില്ല. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെ ബേണ്‍ലി എഫ്സി സമനിലയില്‍ തളക്കുകയായിരുന്നു. ഇരു ടീമും ഓരോ ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്.
മത്സരത്തില്‍ ലിവര്‍പൂളിനായി സ്‌കോട്ടിഷ് ഫുള്‍ബാക്ക് ആന്‍ഡി റോബര്‍ട്‌സണ്‍ ആദ്യ പകുതിയില്‍ തന്നെ ലീഡ് നല്‍കിയെങ്കിലും ബേണ്‍ലി എഴുപതാം മിനിറ്റില്‍ ജേ റോഡ്രിഗസിലൂടെ മറുപടി നല്‍കുകയായിരുന്നു.
ഈ സമനില പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് പോയന്റ് എന്ന ലക്ഷ്യത്തിന് ലിവര്‍പൂളിന് തിരിച്ചടിയായി. നേരത്തെ സിറ്റിയോട് എതിരില്ലാത്ത നാല് ഗോളിന് ലിവര്‍പൂള്‍ തോല്‍വിയും വഴങ്ങിയിരുന്നു.
ബേണ്‍ലിക്ക് ഈ സമനില അവരുടെ യൂറോപ്പ ലീഗ് പ്രതീക്ഷ സജീവമാക്കി നിര്‍ത്താന്‍ സഹായിക്കും. 50 പോയന്റുമായി ഒന്‍പതാം സ്ഥാനത്താണ് ബേണ്‍ലി ഇപ്പോള്‍ ഉള്ളത്. ആറാമതുള്ള വോള്‍വ്‌സിന് 52 പോയന്റ് മാത്രമെ ഉള്ളൂ. അതുകൊണ്ട് തന്നെ യൂറോപ്പ ലീഗ് യോഗ്യതക്കായുള്ള പോരാട്ടം കനക്കും.