ലിവര്‍പൂളിന് പുതുവര്‍ഷത്തില്‍ ഞെട്ടല്‍; ബ്രെന്‍ഡ് ഫോര്‍ഡിനെതിരെ തോല്‍ക്കുന്നത് 1938ന് ശേഷം

ലണ്ടന്‍: ഇതുപോലൊരു തോല്‍വി ചെമ്പടയുടെ ആരാധകര്‍ ഒരുകാലത്തും മറക്കില്ല. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ പുതുവര്‍ഷത്തിലെ ആദ്യമത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രെന്‍ഡ് ഫോര്‍ഡാണ് ലിവര്‍പൂളിനെ കീഴടക്കിയത്. ഇബ്രാഹീമ കൊണാട്ടയുടെ സെല്‍ഫ് ഗോളിലാണ് ബ്രെന്‍ഡ് ഫോര്‍ഡ് ലീഡ് നേടിയത്.

ആദ്യപകുതിയുടെ 42ാംമിനിറ്റില്‍ യോനെ വിസയിലൂടെ ഗോള്‍നേട്ടം രണ്ടാക്കി ലിവറിനെ ഞെട്ടിച്ചു. ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാംപകുതിയില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന ലിവര്‍പൂള്‍ അന്‍പതാം മിനിറ്റില്‍ അലക്‌സ് ചേംബര്‍ െൈലനിന്റെ ഹെഡ്ഡര്‍ ഗോളില്‍ ഒരുഗോള്‍ തിരിച്ചടിച്ചു. സമനിലഗോളിനായി രണ്ടാപകുതിയില്‍ ബ്രെന്‍ഡ്‌ഫോര്‍ഡ് ബോക്‌സിലേക്ക് ചെമ്പട നിരന്തരം അക്രമണം നടത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. മികച്ച പ്രകടനവുമായി ഗോള്‍കീപ്പര്‍ ഡേവിഡ് റയയും വിജയത്തില്‍ നിര്‍ണായകമായി.


അതിവേഗ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് സ്വന്തംകാണികള്‍ക്ക് മുന്നില്‍ ബ്രെന്‍ഡ്‌ഫോര്‍ഡ് മൂന്നാംഗോള്‍നേടിയത്. 84ാംമിനിറ്റില്‍ ബ്രാന്‍ എംബെമുവാണ് ലക്ഷ്യംകണ്ടത്. ഇബ്രാഹിമ കൊനാട്ടയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. സെല്‍ഫ് ഗോള്‍വഴങ്ങുകയും പ്രതിരോധത്തില്‍ ദുര്‍ബല പ്രകടനം നടത്തുകയും ചെയ്ത കൊനാട്ട ലിവറിന്റെ ദുരന്തനായകനായി. 1938ന് ശേഷമാണ് ബ്രെന്‍ഡ് ഫോര്‍ഡ് ലിവര്‍പൂളിനെതിരെ വിജയംനേടുന്നതെന്ന പ്രത്യേകതയുണ്ട്. ആദ്യപകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍നിന്ന ശേഷം തിരിച്ചുവരവ് നടത്തുന്ന പതിവ് രീതിയും ഇന്നലെ ആവര്‍ത്തിക്കാനായില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ 2008ല്‍ വഴങ്ങിയ തോല്‍വിക്ക് ശേഷമാണ് ഹാഫ് ടെമിന് മുന്‍പ് രണ്ട് ഗോള്‍ വഴങ്ങിയശേഷം തോല്‍വി നേരിടുന്നത്.


ഈസീസണില്‍ തോല്‍വിയും ജയവുമായി തുടരുന്ന മുന്‍ ചാമ്പ്യന്‍മാര്‍ നിലവില്‍ പോയന്റ് ടേബിളില്‍ ആറാംസ്ഥാനത്താണ്. 17 കളിയില്‍ എട്ട് ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമടക്കം 28പോയന്റാണ് നേട്ടം. ഏഴാമതുള്ള ബ്രെന്‍ഡ് ഫോര്‍ഡിന് 18 കളിയില്‍ 26 പോയന്റുണ്ട്. പുതുവര്‍ഷത്തില്‍മൂന്ന് പോയന്റുമായി മുന്നേറാമെന്ന ഇംഗ്ലീഷ് വമ്പന്‍മാരുടെ പ്രതീക്ഷയാണ് അട്ടിമറി സംഘം തകര്‍ത്തത്. ഈസീസണില്‍ മികച്ചവിജയങ്ങള്‍കൈവരിച്ച ബ്രെന്‍ഡ് ഫോര്‍ഡ് മുന്നേറ്റനിര ഇതിനകം 30 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ലീഗില്‍ ആഴ്‌സനാലാണ് ഒന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റിരണ്ടാമതും ന്യൂകാസില്‍ മൂന്നാമതുമാണ്. കഴിഞ്ഞദിവസം പുതുവര്‍ഷത്തില്‍ ആദ്യമാച്ചിനിറങ്ങിയ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിയും ഞെട്ടി്ക്കുന്ന തോല്‍വിനേരിട്ടിരുന്നു.

You Might Also Like