ലിവർപൂളിൽ അസന്തുഷ്ടൻ, സലായെ വിൽക്കാനുള്ള നീക്കങ്ങൾ ലിവർപൂൾ ആരംഭിച്ചുവെന്നു ഈജിപ്ഷ്യൻ സഹതാരം

ലിവർപൂളിനായി മികച്ച പ്രകടനം നടത്തുന്ന സൂപ്പർതാരമാണ് മൊഹമ്മദ് സലാ. പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു തുടരുന്ന ക്ലോപ്പിന്റെ  ലിവർപൂളിന്റെ ആക്രമണനിരയിലെ അവിഭാജ്യ ഘടകമാണ് ഈ ഇരുപത്തെട്ടുകാരൻ. എന്നാൽ അടുത്തിടെയായി ലിവർപൂളിൽ താരം അസന്തുഷ്ടനാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഈ അഭ്യൂഹങ്ങൾക്ക് അടിത്തറയേകി സലായുടെ ഈജിപ്ഷ്യൻ  അന്താരാഷ്ട സഹതാരമായ മൊഹമ്മദ്‌ അബൗട്രികയുടെ പ്രസ്താവനകളും പുറത്തുവന്നിരിക്കുകയാണ്.

ലിവർപൂളിൽ താരം അസന്തുഷ്ടനാണെന്നും മിച്ചിലാന്റുമായുള്ള ചാമ്പ്യൻസ്‌ലീഗ് മത്സരത്തിനു ശേഷമാണ് സലാ കൂടുതൽ അസന്തുഷ്ടനായി കാണപ്പെട്ടതെന്നാണ് അബൗട്രിക വെളിപ്പെടുത്തുന്നത്. താരത്തിനു പകരമായി ട്രെന്റ് അലക്സാണ്ടർ അർണോൾഡിനു ക്യാപ്റ്റൻ സ്ഥാനം നൽകിയതാണ് സലായെ ചൊടിപ്പിച്ചതെന്നാണ് അബൗട്രിക വെളിപ്പെടുത്തുന്നത്. ബീയിൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ സലായുടെ ലിവർപൂളിലെ സാഹചര്യത്തെക്കുറിച്ച് ചോദിച്ചു വിളിച്ചപ്പോൾ അവൻ ദുഃഖിതനായാണ് കാണപ്പെട്ടത്. പക്ഷെ അതൊന്നും അവന്റെ പ്രകടനത്തെ ബാധിക്കാറില്ല. സലാ ലിവർപൂളിൽ സന്തോഷവാനല്ലെന്നു എനിക്കറിയാം. എന്തുകൊണ്ടാണ് അസന്തുഷ്ടനാവാനുണ്ടായ കാരണമെന്നു അവനെന്നോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അത് രഹസ്യമായ കാര്യമാണ്. എനിക്കു പരസ്യമായി വെളിപ്പെടുത്താനാവില്ല. ഒരു കാരണമായി പറയാവുന്നത് മിച്ചിലാന്റിനെതിരെ ക്യാപ്റ്റനാക്കാതിരുന്നത് സലായിൽ ദേഷ്യമുണ്ടാക്കിയിട്ടുണ്ടെന്നതാണ്.”

ഇപ്പോഴത്തെ പ്രകടനത്തിൽ സലാ ഒരു റയൽ മാഡ്രിഡ് അല്ലെങ്കിൽ ബാഴ്സ താരമായിരുന്നുവെങ്കിൽ തീർച്ചയായും ബാലൺ ഡിയോർ ലഭിച്ചിട്ടുണ്ടാവും. ഒരു സ്പാനിഷ് ന്യൂസ്‌പേപ്പർ ബാഴ്‌സലോണയെയോ റയൽ മാഡ്രിഡിനെയും പറ്റി സലായോട് ചോദിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. എന്റെ അഭിപ്രായത്തിൽ സാമ്പത്തികമായ കാരണത്താൽ ലിവർപൂൾ സലായെ വിൽക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നാണ്. സലായുടെ തീരുമാനത്തെ എനിക്കു ഒരു സ്വാധീനവുമില്ല.  അദ്ദേഹമെന്റെ സുഹൃത്തും സഹോദരനുമാണ്. എന്താണ് തനിക്കു നല്ലതെന്നു മനസിലാക്കാനുള്ള ബുദ്ധിയൊക്കെ അവനുണ്ട്. ” അബൗട്രിക പറഞ്ഞു.

You Might Also Like