‘നിങ്ങളുമായുണ്ടായത് മനോഹരമായ വൈരം’, കസിയ്യസിന് വികാരനിര്‍ഭരമായ യാത്രയപ്പ് നല്‍കി മെസി
ഐതിഹാസിക ഗോൾകീപ്പർ ഐക്കർ കാസിയസിന്റെ വികാരനിർഭരമായ വിടവാങ്ങലിനു ഹൃദയത്തിൽ നിന്നും മനോഹരമായ സന്ദേശം കുറിച്ചിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസി. നീണ്ടകാലം ചിരവൈരികളായ റയൽ മാഡ്രിഡിന്റെ ഗോൾവലകാത്ത താരത്തിനെ പ്രശംസകൊണ്ട് മൂടിയിരിക്കുകയാണ് ലയണൽ മെസി.
പോർട്ടോയിൽ വെച്ച് ട്രെയിനിങ്ങിനിടെ വന്ന ഹൃദയാഘാതത്തിൽ നിന്നും മുക്തി നേടി പതിനാലു മാസങ്ങൾക്കു ശേഷം ഐക്കർ കസിയ്യസ് മുപ്പത്തിയൊമ്പതാം വയസിൽ തന്റെ അവിസ്മരണീയമായ ഫുട്ബോൾ കരിയറിന് അന്ത്യം കുറിച്ചിരിക്കുകയാണ്. റയൽ മാഡ്രിഡിനു വേണ്ടി അഞ്ചു ലാലിഗ കിരീടങ്ങളും മൂന്നു ചാമ്പ്യൻസ്‌ലീഗുകളും നേടിയ താരത്തിന്റെ അവിസ്മരണീയ നേട്ടം 2010 ലെ സ്പെയിനിനൊപ്പം നേടിയ ആദ്യത്തെ ലോകകപ്പ് വിജയമാണ്.
സ്പെയിനിനൊപ്പം 2008ളും 2012ലും യൂറോ കപ്പ് വിജയത്തിലും കസിയ്യസ് പങ്കാളിയായി. അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനത്തിനു ശേഷം നിരവധി എൽ ക്ലാസിക്കോകളിൽ പരസ്പരം പോരാടിയ തന്റെ റയൽ മാഡ്രിഡ് ചിരവൈരിക്ക് മെസി യാത്രയയപ്പ് സന്ദേശം നൽകിയിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ എ എസിനു വേണ്ടി കുറിച്ച മെസിയുടെ സന്ദേശം ഇങ്ങനെ:
“ഐക്കർ ഇന്ന് വിരമിച്ചിരിക്കുകയാണ്, എന്നാൽ കാലങ്ങൾക്കു മുമ്പേ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടിയ താരമാണദ്ദേഹം. അത് ലാലിഗയിലെ അദ്ദേഹത്തിന്റെ അവിശ്വസനീയനേട്ടങ്ങൾ കൊണ്ട് മാത്രമല്ല മറിച്ച് അന്താരാഷ്ട്രമത്സരങ്ങളിൽ എല്ലാം നേടാൻ അദ്ദേഹത്തിനായതുകൊണ്ടാണ്. നിങ്ങളൊരു ശ്രദ്ധേയനായ ഗോൾകീപ്പറാണ്. നിങ്ങളെ എതിരാളിയായി കിട്ടിയത് വളരെ കടുപ്പമേറിയ ഒന്നായിരുന്നു. പക്ഷെ തിരിഞ്ഞു നോക്കുമ്പോൾ ആ മനോഹരമായ വൈരമായിരുന്നു നിങ്ങളുമായി എതിരിടുമ്പോൾ ഞങ്ങളെ മികച്ച രീതിയിൽ കളിക്കാൻ പ്രേരിപ്പിച്ചത്. “