ബാഴ്‌സയിലെത്തിയാലും പഴയ മെസിയെ കാണാനാവില്ല, താരത്തിന്റെ പൊസിഷൻ മാറുമെന്ന സൂചന നൽകി സാവി

ലയണൽ മെസി ബാഴ്‌സയിലേക്ക് മടങ്ങി വരാനുള്ള സാധ്യതകൾ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കൂടുതലാണ്. പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ താരത്തിനായി ബാഴ്‌സലോണ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ടീമിനെ സംബന്ധിച്ച് മെസിയെ സ്വന്തമാക്കുക കുറച്ച് സങ്കീർണമായ കാര്യം തന്നെയാണ്.

മെസിയെ സ്വന്തമാക്കാൻ ലാ ലിഗയുടെ അനുമതി ബാഴ്‌സലോണയ്ക്ക് ആവശ്യമാണ്. അതു ലഭിക്കുന്നതിനു വേണ്ടി ക്ലബിന്റെ വേതനബിൽ അടക്കമുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ബാഴ്‌സലോണ ശ്രമങ്ങൾ നടത്തുന്നുമുണ്ട്. അതേസമയം മെസി തിരിച്ചു വന്നാലും തന്റെ പഴയ പൊസിഷനിൽ കളിക്കില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസം ബാഴ്‌സലോണ പരിശീലകനായ സാവി നൽകിയത്.

“ലയണൽ മെസിക്ക് നിരവധി പൊസിഷനുകളിൽ കളിക്കാൻ കഴിയും. ഫാൾസ് നയൻ, വിങ്ങർ, ഫൈനൽ തേർഡിലേക്ക് പാസുകൾ നൽകുന്ന മിഡ്‌ഫീൽഡർ എന്നീ പൊസിഷനുകളിലെല്ലാം ലയണൽ മെസിക്ക് കളിക്കാൻ കഴിയും. ലയണൽ മെസി ഏറെക്കുറെ ഒരു മിഡ്‌ഫീൽഡർ തന്നെയാണ്. മധ്യനിര താരമാകാനുള്ള എല്ലാ കഴിവുകളും താരത്തിനുണ്ട്.” സാവി പറഞ്ഞത് ഡിയാരിയോ സ്പോർട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

ലയണൽ മെസിയെ മധ്യനിരയിൽ കളിപ്പിക്കാനുള്ള പദ്ധതിയാണ് ബാഴ്‌സലോണക്കുള്ളതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ സാവി തന്നെ അതുമായി ബന്ധപ്പെട്ടു കൃത്യമായ സൂചനകൾ നൽകിയിരിക്കുകയാണ്. അതേസമയം മെസിയെ തിരിച്ചു കൊണ്ടു വരുന്ന കാര്യത്തിൽ ഇതുവരെയും മുന്നേറ്റമൊന്നും ഉണ്ടായിട്ടില്ല. ഉടനെ തന്നെ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

You Might Also Like